ന്യൂഡല്‍ഹി : രാജ്യത്തെ ഹോട്ടലുകളിലും റസ്‌റ്റോറന്‍റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റേതെങ്കിലും പേരില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ലംഘനമുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.
സർവീസ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗ നിര്‍ദേശവും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍വീസ് ചാര്‍ജ് അടയ്‌ക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത്. സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും സ്വന്തം ഇഷ്‌ടപ്രകാരമാണ് അടയ്‌ക്കേണ്ടതെന്നും ഉപഭോക്താക്കളോട് വ്യക്തമാക്കണം.
ഭക്ഷണ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ചേർത്ത് മൊത്തം തുകയ്ക്ക് ജിഎസ്‌ടി ഈടാക്കാന്‍ പാടില്ല. മാർഗനിർദേശം ലംഘിച്ച് ഏതെങ്കിലും ഹോട്ടലോ റസ്‌റ്റോറന്‍റോ സർവീസ് ചാർജ് ഈടാക്കുന്നതായി കണ്ടെത്തിയാല്‍, ബിൽ തുകയിൽ നിന്ന് അത് നീക്കം ചെയ്യാൻ ബന്ധപ്പെട്ട സ്ഥാപനത്തോട് ഉപഭോക്താക്കള്‍ക്ക് ആവശ്യപ്പെടാം.
ഹോട്ടലുകളും റസ്റ്റോറന്‍റുകളും മാര്‍ഗനിര്‍ദേശം ലംഘിക്കുകയാണെങ്കില്‍ ഉപഭോക്താക്കൾക്ക് നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈന്‍ നമ്പറായ 1915-ല്‍ വിളിച്ചോ അല്ലെങ്കിൽ എന്‍സിഎച്ച് മൊബൈൽ ആപ്പ് വഴിയോ പരാതി നൽകാം. ഉപഭോക്തൃ കമ്മിഷനിലും പരാതിപ്പെടാമെന്നും ഉത്തരവില്‍ പറയുന്നു.