ഹൈദരാബാദ്: ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരന്‍റെ മര്‍ദനമേറ്റ യുവാവ് മരിച്ചു (Restaurant Staff Beat a Customer to death In Hyderabad). ഹൈദരാബാദ് ചന്ദ്രയാന്‍ഗുട്ട (Chandrayanagutta) സ്വദേശി ലിയാഖത് ആണ് മരിച്ചത്. ഹോട്ടലിലെ സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാള്‍ അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 10) രാത്രിയിലാണ് ലിഖായത്തിന്‍റെ മരണത്തിന് ഇടയാക്കിയ സംഭവം. മരിച്ച ലിയാഖത് പഞ്ചഗുട്ടയിലെ (Panjagutta) മെറിഡിയൻ ഹോട്ടലില്‍ (Meridian Hotel Panjagutta) രാത്രിയില്‍ ബിരിയാണി കഴിക്കുന്നതിനായിട്ടായിരുന്നു എത്തിയത്. ഓര്‍ഡര്‍ ചെയ്‌ത ബിരിയാണി കഴിക്കുന്നതിനിടെ ലിയാഖത് ഹോട്ടല്‍ ജീവനക്കാരനോട് അധികം തൈര് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ പ്രകോപിതനായ ഹോട്ടല്‍ ജീവനക്കാരന്‍ ലിയാഖതുമായി വാക്കേറ്റില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവാവിനെ മര്‍ദിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചഗുട്ട പൊലീസ് പ്രശ്‌നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കുന്നതിനായി ലിയാഖത്തിനെയും ഹോട്ടല്‍ ജീവനക്കാരനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ലിയാഖത് കുഴഞ്ഞുവീണത്. പിന്നാലെ തന്നെ പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ചികിത്സയ്‌ക്കിടെ ഇയാള്‍ മരിക്കുകയായിരുന്നു.
അതേസമയം, ചികിത്സ ലഭിക്കാന്‍ വൈകിയതുകൊണ്ടാണ് ലിയാഖത് മരിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഹോട്ടല്‍ ജീവനക്കാരന്‍റെ മര്‍ദനത്തിന് ഇരയായ യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് സ്റ്റേഷനിലേക്കാണ് ആദ്യം എത്തിച്ചത്. ഇതുകൊണ്ടാണ് ലിയാഖത്തിന് മരണം സംഭവിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ലിയാഖത്തിനെ മര്‍ദിച്ച ഹോട്ടല്‍ ജീവനക്കാരന്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
മധ്യവയസ്‌കനെ ബന്ധുക്കള്‍ കൊലപ്പെടുത്തി (Man Beaten To Death By Relatives In Trivandrum): ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കടയില്‍ ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ ആറിനാണ് സംഭവം. പൂവച്ചലില്‍ അനാഥാലയം നടത്തുന്ന ജലജനെയാണ് (56) സഹോദരങ്ങള്‍ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ജലജന്‍റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ ഇയാളുടെ സഹോദരന്‍ സാബു എന്നിവര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവരുടെ അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജലജന്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം നടന്നത്.
സംഭവശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികളില്‍ ഒരാളായ സുനില്‍ കുമാര്‍ പിന്നീട് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സാബുവിനെ ഇയാളുടെ ഭാര്യവീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.