തേസ്‌പൂർ (അരുണാചൽ പ്രദേശ്) : അരുണാചൽ പ്രദേശിലെ ഷിയോമിയിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ പിടിയിൽ. മോണിഗാവിലെ ഒരു സ്‌കൂളിലെ ഹോസ്റ്റൽ വാർഡനായ യോംകെൻ ബഗ്രയാണ് (33) പിടിയിലായത്. 2022 നവംബറിലാണ് ഇയാൾക്കെതിരെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ കുട്ടികൾ പരാതിയുമായി എത്തിയതോടെ ഇവരുടെ പരാതികൾ കൂടി ശേഖരിച്ച ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എട്ട് മാസം മുൻപ് പ്രതിക്കെതിരെ ലൈംഗിക പീഡനത്തിന് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു എന്ന് എസ്ഐടി പൊലീസ് സൂപ്രണ്ട് രോഹിത് രാജ്ബീർ സിങ് പറഞ്ഞു. ഹോസ്റ്റലിനുള്ളിൽ വച്ച് ഹോസ്റ്റൽ വാർഡൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഇരട്ട സഹോദരിമാരായ കുട്ടികൾ 2022 നവംബർ ഒന്നിനാണ് പരാതി നൽകിയത്.
തുടർന്ന് പ്രാഥമിക അന്വേഷണം നടത്തി ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. എന്നാൽ ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. തുടർന്ന് കേസ് ഡെപ്യൂട്ടി എസ്‌പി മോയിർ ബസാർ കംദാക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. മോണിഗാവിലെ സ്‌കൂള്‍ ഹോസ്റ്റലിൽ 2014 മുതൽ 2022 വരെയാണ് പ്രതി വാർഡനായി ജോലി ചെയ്‌തിരുന്നത്.
ഇരട്ട സഹോദരിമാർ പരാതി നൽകിയതോടെ 6 മുതൽ 14 വയസ് വരെ പ്രായമുള്ള 21 കുട്ടികൾ ഇയാൾക്കെതിരെ പരാതിയുമായി എത്തി. പരാതിക്കാരിൽ ആണ്‍കുട്ടികളും ഉണ്ടായിരുന്നു. പീഡനം നടക്കുമ്പോൾ പരാതി നൽകിയ സഹോദരിമാർ 1,5 ക്ലാസുകളിലായിരുന്നു പഠിച്ചിരുന്നത്.
'സഹോദരിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കുറ്റം ചുമത്തി ഞങ്ങൾക്ക് കുറ്റപത്രം സമർപ്പിക്കാമായിരുന്നു. എന്നാൽ ഇരകളായ കൂടുതൽ കുട്ടികളെ കണ്ടെത്തുന്നതിനും അവർക്ക് നീതി ഉറപ്പാക്കുന്നതിനും ഞങ്ങൾ നിശബ്‌ദമായി അന്വേഷണം നടത്തുകയായിരുന്നു' -എസ്‌പി രോഹിത് രാജ്ബീർ സിങ് പറഞ്ഞു.
ALSO READ : Rape Case | രണ്ട് തവണ പീഡനം, ബന്ധുവിന് 13 വർഷം തടവും പിഴയും
പരാതി നൽകിയ 21 കുട്ടികളിൽ ആറ് പേർ തുടർച്ചയായ ലൈംഗികാതിക്രമത്തിന് ഇരയായവരാണ്. പ്രതി തങ്ങളെ അശ്ലീല വീഡിയോകൾ കാണിച്ചതായും കുട്ടികൾ മൊഴി നൽകി. പൊലീസ് പരിശോധനയിൽ പ്രതിയുടെ ഫോണിൽ നിന്ന് കുട്ടികളുടേതുൾപ്പെടെ നിരവധി അശ്ലീല വീഡിയോകൾ കണ്ടെടുത്തു. പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച പെർട്ടിൻ എന്നയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിക്കെതിരെ 376, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെന്നും എസ്‌പി വ്യക്‌തമാക്കി. അതേസമയം എട്ട് വർഷക്കാലം ഹോസ്റ്റലിൽ ജോലി ചെയ്‌തതിനാൽ തന്നെ കൂടുതൽ കുട്ടികൾ ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായിരിക്കാം എന്നാണ് പൊലീസിന്‍റെ നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരുന്നതായും പൊലീസ് വ്യക്‌തമാക്കി.