കൊൽക്കത്ത : യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഉത്തർപ്രദേശ് സർക്കാർ അഞ്ച് വർഷം ജയിലിലടച്ച ശിശുരോഗ വിദഗ്‌ധൻ കഫീൽ ഖാൻ. യുപിയിൽ അടുത്ത വർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കഫീൽ ഖാൻ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയിലിൽ കഴിഞ്ഞ ഓരോ നിമിഷവും വേദനാജനകമായിരുന്നുവെന്ന് ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി താൻ വളരെയധികം പ്രശ്‌നങ്ങൾ നേരിട്ടുവെന്നും ഇന്ന് സ്വന്തം ജനതയിലേക്ക് എത്തിച്ച ദൈവത്തിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. 2017ൽ ഗോരഖ്‌പൂരിൽ കുട്ടികൾ മരിച്ച സംഭവത്തിലെ മെഡിക്കൽ അശ്രദ്ധ, അഴിമതി, കൃത്യവിലോപം എന്നിവ ചുമത്തിയ കേസിൽ നിന്നും അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
നിലവിൽ ഖാൻ മിഷൻ സ്മൈൽ എന്ന പേരിൽ ഒരു സംഘടന നടത്തിവരികയാണ്. കൂടാതെ രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശിച്ച് ദരിദ്രർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നതിനും കൊവിഡ് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഖാൻ നേതൃത്വം നൽകുന്നുണ്ട്.
ഇതിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിലെ ദക്ഷിണ കൊൽക്കത്തയിലെ 66-ാം വാർഡിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ടോപ്‌സിയയിലെ ടോപ്‌സിയ ഫുട്‌ബോൾ മൈതാനത്ത് ഖാൻ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചിരുന്നു.
വരാനിരിക്കുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പിൽ നേതൃമാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഖാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷത്തെ യോഗിയുടെ ഭരണത്തിലൂടെ സംസ്ഥാനം എല്ലാ തരത്തിലും പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.