ഫറൂഖാബാദ് (യുപി): ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ഫറൂഖാബാദിൽ യുവാവ് സഹോദരിയേയും കാമുകനെയും കൊലപ്പെടുത്തി അഴുക്കുചാലിൽ എറിഞ്ഞു. രാജേപൂർ സാരയ്മേട സ്വദേശിനി ശിവാനി (23), കാമുകൻ രാംകരൺ (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരുടെയും പ്രണയം ശിവാനിയുടെ കുടുംബത്തിന് സമ്മതമായിരുന്നില്ല. ഇതേത്തുടർന്ന് ഞായറാഴ്‌ച പുലർച്ചെ ശിവാനിയുടെ സഹോദരൻ നീതു ഇരുവരെയും മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ അഴുക്കുചാലിൽ തള്ളി.
നീതു തന്നെയാണ് ഞായറാഴ്‌ച പുലർച്ചെ സിറ്റി പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. രാംകരണിന്‍റെ അച്ഛന്‍റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. അഴുക്കുചാലിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് അശോക് കുമാർ മീന അറിയിച്ചു.