ഹൈദരാബാദ് : തെലങ്കാനായിലെ യദാഗിരി ബുവനാഗിരി ജില്ലയില്‍ ദുരഭിമാനക്കൊല. ഇരുക്കുള രാമകൃഷ്‌ണനാണ്(32) കൊല്ലപ്പെട്ടത്. യുവാവിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. സിദ്ദിപേട്ട ജില്ലയിലെ പണിനടന്നുകൊണ്ടിരിക്കുന്ന ഒരു റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
രാമകൃഷ്‌ണന്‍റെ ഭാര്യയുടെ അച്‌ഛന്‍ വാടകക്കൊലയാളി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വെവ്വേറെ ജാതിയില്‍പ്പെട്ട രാമകൃഷ്‌ണനും ഭാര്‍ഗവിയും സ്‌നേഹിച്ച് വിവാഹം കഴിച്ചതാണ് വെങ്കിടേഷിനെ രോഷാകുലനാക്കിയത്. ഭാര്‍ഗവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമൃത്യ എന്നയാളെ ചോദ്യംചെയ്‌തപ്പോഴാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്.
ഹോം ഗാര്‍ഡായി ജോലിചെയ്യവെ വെങ്കിടേഷിന്‍റെ അയല്‍ക്കാരനായി താമസിച്ച രാമകൃഷ്‌ണ ഭാര്‍ഗവിയുമായി സ്‌നേഹത്തിലാകുകയായിരുന്നു. ഭാര്‍ഗവിയും രാമകൃഷ്ണനും 2020 ഓഗസ്റ്റിലാണ് വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം ഭാര്‍ഗവിയെ വെങ്കിടേഷ് തന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ രാമകൃഷ്ണനുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ വെങ്കിടേഷ് ഭാര്‍ഗവിയെ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്‍ഗവി ഇതിന് ഒരുക്കമായിരുന്നില്ല.
തുടര്‍ന്നാണ് രാമകൃഷ്ണനെ വകവരുത്താനുള്ള തീരുമാനം വെങ്കിടേഷ് എടുക്കുന്നത്. ഈ മാസം 16ന്(16.04.2022) ഭാര്‍ഗവി രാമകൃഷ്ണനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. അമര്‍ത്യയോടൊപ്പമാണ് തന്‍റെ ഭര്‍ത്താവ് പോയതെന്നും ഭാര്‍ഗവി പൊലീസിനോട് പറഞ്ഞു. ലത്തീഫ് എന്നയാളുടെ നേൃത്വത്തിലുള്ള ക്രിമിനല്‍ സംഘം രാമകൃഷ്ണനെ കൊലചെയ്‌തെന്ന് അമൃത്യ ചോദ്യം ചെയ്യലില്‍ വ്യക്‌തമാക്കി. വെങ്കിടേഷ് പത്ത് ലക്ഷം രൂപയ്ക്ക് രാമകൃഷ്‌ണനെ കൊല്ലാനുള്ള ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അമൃത്യ രാമകൃഷ്ണനെ ഗുണ്ടാലമണ്ഡലിലെ ഒരു ചെറുനാരങ്ങ തോട്ടത്തില്‍ എത്തിച്ചു. അവിടെവച്ചാണ് ലത്തീഫും സംഘവും രാമകൃഷ്‌ണനെ കൊല ചെയ്യുന്നത്. ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ദിവ്യ, അസര്‍, മഹേഷ് എന്നിവരെയും പൊലീസ് അറസ്‌റ്റുചെയ്‌തു. ഇവരടക്കം പതിനൊന്ന് പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത്. മറ്റ് ഏഴ് പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.