ഹൈദരാബാദ് : തെലങ്കാനയില്‍ വീണ്ടും ദുരഭിമാനക്കൊല. മറ്റൊരു മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചതിന് പതിനാറുകാരിയെ അമ്മയും അവരുടെ കാമുകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഗറെഡ്ഡി ജില്ലയിലെ സഹീറാബാദിലെ ഹുഗ്ഗേലിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ ബുജമ്മ, കാമുകന്‍ നരസിംഹുലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
തിങ്കളാഴ്‌ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ വയലില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കാമുകനെതിരെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലില്‍ ഞായറാഴ്‌ച രാത്രി ഇയാള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘത്തിന് മനസിലായി.
ഇരുവരുടേയും ബന്ധത്തിനെതിരെ ബുജമ്മക്കുണ്ടായ എതിർപ്പ് യുവാവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. തുടര്‍ന്ന് ചൊവ്വാഴ്‌ച ബുജമ്മയെ ചോദ്യം ചെയ്‌തപ്പോഴാണ് ദുരഭിമാനക്കൊലയെക്കുറിച്ച് പുറത്തറിയുന്നത്. മറ്റൊരു മതത്തില്‍പ്പെട്ടയാളെ മകള്‍ പ്രണയിക്കുന്നതിലായിരുന്നു ബുജമ്മയുടെ എതിര്‍പ്പ്.
Also read: മൂന്ന് പരാതികള്‍ കൂടി ; 66 കാരന്‍ വിവാഹം കഴിച്ച് വഞ്ചിച്ച സ്ത്രീകളുടെ എണ്ണം 17
ബന്ധം ഉപേക്ഷിക്കാന്‍ ബുജമ്മ ഒരു മാസം മുമ്പ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. പെണ്‍കുട്ടി മറ്റൊരു മതത്തില്‍പ്പെട്ടയാളെ പ്രണയിക്കുന്നത് അപമാനമാണെന്ന് ബുജമ്മ നരസിംഹുലുവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് 16കാരിയെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതിയിടുകയായിരുന്നുവെന്ന് സഹീറാബാദ് ഡിഎസ്‌പി ജി ശങ്കര്‍ രാജ് പറഞ്ഞു.
ഇതനുസരിച്ച് ഞായറാഴ്‌ച രാത്രി പെണ്‍കുട്ടിയെ വയലിലേക്ക് വിളിച്ചുകൊണ്ടുപോയി. നരസിംഹുലു പെണ്‍കുട്ടിയുടെ കഴുത്തില്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി. ഈ സമയം ബുജമ്മ പെണ്‍കുട്ടിയുടെ ദേഹത്ത് കയറി നിന്നു. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങി. ബുജമ്മയേയും നരസിംഹുലുവിനേയും റിമാന്‍ഡ് ചെയ്‌തു.