ലഖ്‌നൗ : ഇംഗ്ലീഷിന് പകരമായി ഹിന്ദിയിൽ സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമീപകാല പരാമർശത്തെ ന്യായീകരിച്ച് ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ദേശിച്ചത് ആശയവിനിമയത്തിന് സംസ്ഥാനങ്ങൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നും അതത് പ്രാദേശിക ഭാഷകളിൽ സംസാരിക്കുന്നത് തുടരണമെന്നുമാണെന്ന് ഉത്തർപ്രദേശ് മുൻ സ്പീക്കറും മുതിർന്ന ബിജെപി നേതാവുമായ ഹൃദയ് നാരായൺ ദീക്ഷിത്.
എന്നാൽ ചില സംസ്ഥാനങ്ങൾ ഹിന്ദിയിൽ സംസാരിക്കുന്നതിനെ എതിർക്കുകയാണെന്ന് ദീക്ഷിത് പറഞ്ഞു. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെന്നും ഒരു പ്രാദേശിക ഭാഷയുമായും മത്സരത്തിനില്ലെന്നും സാമൂഹിക പ്രവർത്തകരും രാജ്യത്തെ പണ്ഡിതന്മാരും ജനങ്ങളെ അറിയിക്കുകയാണ് വേണ്ടത്. 'ഹിന്ദി രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയാണ്. അത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടത് രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ഉത്തരവാദിത്തമാണ്. ഒരു സംസ്ഥാനത്തും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അർഥമില്ല. ഔദ്യോഗിക ഭാഷ ഉപയോഗിക്കണമെന്ന നിർദേശത്തെ "സാംസ്‌കാരിക ഭീകരത" എന്ന് വിളിക്കുന്നവരോട് സഹതാപം മാത്രമേ ഉള്ളൂ' - ഹൃദയ് നാരായൺ ദീക്ഷിത് പറഞ്ഞു.
രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷ പ്രഖ്യാപിക്കുന്നതിനുള്ള നിർദേശം ഭരണഘടന അസംബ്ലിയിൽ അവതരിപ്പിച്ചപ്പോൾ നിർദേശത്തിന്‍റെ വക്താവായ അയ്യങ്കാർ ഹിന്ദിയെ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അത് ശരിയായ സമയമല്ലെന്ന് പറഞ്ഞുവെന്നും ദീക്ഷിത് പറഞ്ഞു. എന്നാൽ ആ സമയം, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇംഗ്ലീഷിന് മുൻഗണന നൽകി. പക്ഷേ, ഹിന്ദി നമ്മുടെ രാജ്യത്തിന്‍റെ ഭാഷയാണെന്നും അത് മുന്നോട്ടുകൊണ്ടുപോകണമെന്നും നെഹ്‌റു പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ കോൺഗ്രസ് വക്താവ് സുധാൻഷു ബാജ്‌പേയ് രംഗത്തെത്തി. അടിച്ചേൽപ്പിക്കുന്നതുകൊണ്ട് ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനാകില്ല. അതിനായി ഹിന്ദിയെ തൊഴിലുമായും അറിവിന്‍റെ ലോകവുമായും ബന്ധിപ്പിക്കേണ്ടതുണ്ട്. ഇത് പ്രായോഗിക ഉപദേശമാണെന്നും സുധാൻഷു പറഞ്ഞു.
ഇന്ത്യയിൽ നമുക്ക് നമ്മുടെ സ്വത്വത്തിന്റെ ഭാഗമായ വ്യത്യസ്ത ഭാഷകളുണ്ട്. അവയ്ക്ക് ബ്രേക്ക് ഇടുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. ബിജെപി ഇപ്പോൾ തന്നെ ഭക്ഷണത്തിന്‍റെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്. ഇന്ന് അവർ ഭാഷയെക്കുറിച്ചാണ് സംസാരിക്കുന്നത്. നാളെ ധോത്തിയും കുർത്തയും മാത്രം ധരിക്കാൻ ജനങ്ങളോട് പറയും. ഭരണഘടന നമുക്ക് ഭക്ഷണം, വസ്ത്രം, അഭിപ്രായം എന്നിവയിൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുവെങ്കിൽ ഇത്തരം നിർണായക വിഷയങ്ങളിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം ബിജെപി കാണിക്കരുതെന്നും സുധാൻഷു കൂട്ടിച്ചേർത്തു.