ഹൈദ്രാബാദ്: ഏറ്റവും പലിശ കുറഞ്ഞ വായ്പകളില്‍ ഒന്നാണ് ഭവന വായ്പ. നമുക്ക് ഈ വായ്പകള്‍ ബാങ്കുകളില്‍ നിന്നോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ എടുക്കാവുന്നതാണ്. എന്നാല്‍ ഭവന വായ്പകളുടെ തവണകള്‍ മുടങ്ങുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
തുടര്‍ച്ചയായി മൂന്ന് മാസം തവണകള്‍ മുടങ്ങുകയാണെങ്കില്‍ താല്‍ക്കാലികമായ കടം തിരിച്ചടവ് മുടങ്ങല്‍ ( temporary default) ആയിട്ടാണ് അതിനെ ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളും അതിനെ കണക്കാക്കുക. മൂന്ന് മാസം കഴിഞ്ഞും തവണകള്‍ മുടങ്ങുകയാണെങ്കില്‍ ഗൗരവം വര്‍ധിക്കുന്നു. അതിനെ വലിയ വീഴ്‌ചയായിട്ടാണ് കണക്കാക്കുക.
ശ്രദ്ധിക്കണം, വായ്‌പ മുടങ്ങാതിരിക്കാൻ
മേജര്‍ ഡിഫാള്‍ട്ടായി (വലിയ വീഴ്‌ച) പ്രഖ്യാപിച്ചാല്‍ ബാങ്ക് വീടിന്‍റെ ജപ്തി നടപടികള്‍ക്കായുള്ള നോട്ടീസ് പുറപ്പെടുവിച്ചേക്കാം. ആ വായ്പയെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കും. ഇതിനു മുമ്പായി ബാങ്ക് വായ്പയെടുത്ത ആള്‍ക്ക് നോട്ടീസുകള്‍ അയക്കും. തവണകള്‍ തെറ്റിയാല്‍ തവണയ്ക്ക് മേല്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ പലിശ ചുമത്തിയുള്ള പെനാല്‍റ്റിയും അടക്കേണ്ടിവരും.
ഭവനവായ്പയെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചാല്‍ നിങ്ങള്‍ക്ക് മറ്റേതെങ്കിലും വായ്പ അതെ ബാങ്കില്‍ ഉണ്ടെങ്കില്‍ ആ വായ്പയും ഈ നിഷ്ക്രിയ ആസ്തിയോടൊപ്പം ചേര്‍ക്കും. വായ്പകളുടെ തവണകള്‍ കൃത്യമായി അടയ്ക്കാതെ വരുമ്പോള്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കുന്നു. ബാങ്കുകള്‍ അവരുടെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുന്ന റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ചുമത്തുന്ന പലിശയാണ് റിപ്പോ. വായ്പയെടുക്കുന്ന ആളുടെ ക്രെഡിറ്റ് സ്കോറും പലിശ നിശ്ചയിക്കുമ്പോള്‍ ബാങ്കുകള്‍ കണക്കാക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറവാണെങ്കില്‍ ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ ഉയരാന്‍ സാധ്യതയുണ്ട്. ഒരു വായ്പയുടെ മാസത്തവണ മുടങ്ങിയാല്‍ നിങ്ങള്‍ക്ക് മറ്റൊരു ബാങ്കില്‍ നിന്ന് പുതിയ വായ്പ കിട്ടാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടും.
തവണകള്‍ മുടങ്ങിയാല്‍ എന്താണ് പരിഹാര മാര്‍ഗം?
തവണകള്‍ മുടങ്ങിയാല്‍ അതിന്‍റ ഭാരം കൂടുതലാവുന്നതിന് മുമ്പായി അത് അടച്ച് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കടം വാങ്ങാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ മുടങ്ങിയ തവണകള്‍ അടച്ചു തീര്‍ക്കേണ്ടതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സ്ഥിരനിക്ഷേരമോ ഇന്‍ഷുറന്‍സ് പോളിസിയോ ഉണ്ടെങ്കില്‍ അതില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്ത് മുടങ്ങിയ തവണകള്‍ അടച്ചുതീര്‍ക്കേണ്ടതാണ്. ഇതൊന്നും സാധ്യമല്ലെങ്കില്‍ ഭവനവായ്പയ്ക്ക് ആധാരമായ വീട് വിറ്റ് കടബാധ്യതയില്‍ നിന്ന് മുക്തമാകുന്നതാണ് നല്ലത്.
വായ്പകളുടെ തവണകള്‍ ഒരുപാട് വര്‍ഷം മുടങ്ങികിടക്കുന്ന സാഹചര്യമാണ് ഉള്ളതെങ്കില്‍ വായ്പകള്‍ക്ക് സമാനമായ ഇന്‍ഷുറന്‍സ് പോളിസി ഉപയോഗപ്പെടുത്തേണ്ടതാണ്. മറ്റൊരു കാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങളുടെ വായ്പയുടെ ആറ് മാസത്തവണയ്ക്ക് സമാനമായ ഒരു തുക എമര്‍ജന്‍സി ഫണ്ടായി നലനിര്‍ത്തുക എന്നുള്ളതാണ്.
ഏറ്റവും സുരക്ഷിതമായ കാര്യം ഏറ്റവും കുറഞ്ഞ മാസത്തവണകളുള്ള വായ്പ സ്വീകരിക്കുകയും നിങ്ങളുടെ അത്യാവശ്യം മുന്‍ നിര്‍ത്തി വായ്പകള്‍ എടുക്കുകയുമാണ്. മാസത്തവണകള്‍ അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ ബാങ്കിനെ സമീപിച്ച് മൊറട്ടോറിയം വായ്പ പുനര്‍ നിര്‍ണയം തുടങ്ങിയ പരിഹാരങ്ങള്‍ ആശ്രയിക്കേണ്ടതുണ്ട്.
ALSO READ: മുംബൈയില്‍ ഡാറ്റ സെന്‍റര്‍ ; പുത്തന്‍ ചുവടുവയ്പ്പുമായി അദാനി ഗ്രൂപ്പ്