അമരാവതി (മഹാരാഷ്‌ട്ര): മഹാത്മാഗാന്ധിയുടെ പിതാവ് ഒരു മുസ്‌ലിം ഭൂവുടമയായിരുന്നുവെന്ന വിചിത്രവും വിദ്വേഷപരവുമായ പരാമര്‍ശവുമായി വലതുപക്ഷ നേതാവ് സംഭാജി ഭിഡെ രംഗത്ത്. മഹാത്മാഗാന്ധി മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ കരംചന്ദ് ഗാന്ധി മോഹൻദാസിന്‍റെ പിതാവല്ലെന്നും ഒരു മുസ്‌ലിം ഭൂവുടമയാണ് അദ്ദേഹത്തിന്‍റെ യഥാർഥ പിതാവെന്നും പറഞ്ഞാണ് ഹിന്ദുത്വ പ്രവര്‍ത്തകനും ശിവ് പ്രതിഷ്‌ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവുമായ സംഭാജി ഭിഡെ എന്ന മനോഹര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
വിവാദ പരാമര്‍ശം ഇങ്ങനെ: കരംചന്ദ് താൻ ജോലി ചെയ്തിരുന്ന മുസ്‌ലിം ജമീന്താറിൽ നിന്ന് ഒരു വലിയ തുക മോഷ്‌ടിച്ചു. ക്ഷുഭിതനായ മുസ്‌ലിം ജമീന്താർ കരംചന്ദിന്‍റെ ഭാര്യയെ തട്ടിയെടുത്ത് തന്‍റെ അടുക്കലെത്തിച്ചു. അയാള്‍ അവരെ ഒരു ഭാര്യയെപ്പോലെയാണ് പരിഗണിച്ചത്. അതിനാൽ തന്നെ കരംചന്ദ് ഗാന്ധിയല്ല മോഹൻദാസിന്‍റെ യഥാർഥ പിതാവെന്നും അദ്ദേഹം അതേ ആ മുസ്‌ലിം ഭൂവുടമയുടെ മകനാണെന്നും ഭിഡെ അവകാശപ്പെട്ടു. മോഹൻദാസിനെ വളർത്തിയതും പഠിപ്പിച്ചതും ഈ മുസ്‌ലിം പിതാവാണ് എന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കരംചന്ദിന്‍റെ നാലാമത്തെ ഭാര്യയുടെ മകനാണ് മോഹൻദാസെന്നും സംഭാജി ഭിഡെ പറഞ്ഞു.
ഗാന്ധിജിക്ക് വിമര്‍ശനവും: ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണ്. ഹിന്ദുക്കളുടെ ധീരതയും അളക്കാനാവില്ല. പക്ഷേ, ഹിന്ദുക്കൾ പലപ്പോഴും സ്വന്തം മതവും കടമയും ഉത്തരവാദിത്തങ്ങളും മറന്നു. രാജ്യത്തെ ഹിന്ദുക്കൾ അധഃപതിച്ചിരിക്കുന്നുവെന്നും ഹിന്ദുക്കളെ താഴെയിറക്കിയതില്‍ രാഷ്ട്രപിതാവിന് പങ്കുണ്ടെന്നും ഭിഡെ ഗാന്ധിജിയെ വിമര്‍ശിച്ചു. അതേസമയം 1980 ല്‍ ശിവ് പ്രതിഷ്‌ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന തന്‍റെ സംഘടന സ്ഥാപിക്കുന്നത് വരെ ആര്‍എസ്‌എസിന്‍റെ സജീവ മുഴുവന്‍സമയ പ്രവര്‍ത്തകനായിരുന്നു സംഭാജി ഭിഡെ.
പ്രതിഷേധവുമായി കോണ്‍ഗ്രസ്: എന്നാല്‍ ഗാന്ധിജിയെ അപമാനിക്കുന്ന ഭിഡെയുടെ പ്രസ്‌താവനയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറട്ട് രംഗത്തത്തി. ഇത് രാജ്യത്തെ മുഴുവന്‍ അസ്വസ്ഥമാക്കുന്നതാണെന്നും ഭിഡെ ഇത്തരത്തില്‍ ആവര്‍ത്തിച്ച് അറപ്പുളവാക്കുന്ന പരാമര്‍ശം നടത്തുന്നത് ആരുടെ കൃത്യമായ പിന്തുണയോടെയാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭിഡെയുടെ ഉദ്ദേശ്യം അറിയണമെന്നും അയാള്‍ക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാലാസാഹേബ് തോറട്ട് കൂട്ടിച്ചേര്‍ത്തു.
പച്ചക്കറി വിലയും മുസ്‌ലിങ്ങളും: അടുത്തിടെ സംസ്ഥാനത്തെ പച്ചക്കറികളുടെ വിലക്കയറ്റത്തിന് മിയ മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. എല്ലാ പച്ചക്കറി വിൽപ്പനക്കാരും നിരക്ക് വർധിപ്പിക്കുകയാണെന്നും പച്ചക്കറി വില കുത്തനെ ഉയർത്തുന്ന കാര്യത്തിൽ ഭൂരിഭാഗവും കിഴക്കൻ ബംഗാൾ വംശജരായ മുസ്‌ലിങ്ങളായ മിയ സമുദായത്തിലെ ആളുകളാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഗ്രാമീണ പ്രദേശങ്ങളിൽ പച്ചക്കറി വില കുറവാണെന്നും നഗരപ്രദേശങ്ങളിലേക്ക് കൊണ്ടുവരുമ്പോൾ ഇവര്‍ പച്ചക്കറിക്ക് വില വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു അസമീസ് യുവാവ് പച്ചക്കറികൾ വിൽക്കുകയാണെങ്കിൽ, മറ്റ് ആസാമീസ് പൗരന്മാരിൽ നിന്ന് അയാൾക്ക് വിലകൂട്ടി വാങ്ങാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ അസമീസ് യുവാക്കളോട് പച്ചക്കറി വിൽപ്പന നടത്താൻ മുന്നോട്ട് വരാൻ അഭ്യർഥിക്കുകയാണെന്നും ഹിമന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു. മാത്രമല്ല എല്ലാ 'മിയ' മുസ്‌ലിം പച്ചക്കറി വിൽപ്പനക്കാരെയും താൻ നഗരത്തിൽ നിന്ന് പുറത്താക്കുമെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.