രാമനഗരം(കർണാടക): മത സൗഹാര്‍ദത്തിന് പേരു കേട്ട നാടാണ് ഇന്ത്യ. 'നാനാത്വത്തില്‍ ഏകത്വം' എന്നത് നമ്മുടെ സംസ്‌കാരവും. മത സൗഹാര്‍ദത്തിന് വലിയൊരു സ്ഥാനം തന്നെ നമ്മുടെ രാജ്യം കൽപിച്ച് നൽകിയിട്ടുമുണ്ട്. യുഗാന്തരങ്ങളായി ഈ സൗഹാര്‍ദം രാജ്യത്ത് പരിപാലിച്ചു വരുകയാണ്.
രാജ്യത്തെ ഈ ഐക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ് കർണാടകയിലെ രാമനഗര ജില്ലയില്‍ ഒരു മുസല്‍മാന്‍ നിര്‍മിച്ച ഹിന്ദു ക്ഷേത്രം. സ്വന്തം പണം ചെലവഴിച്ചാണ് സയ്യിദ് സാദത്ത് ചെന്നപട്ടണ താലൂക്കിലെ സാന്ദേ മോഗന്‍ഹള്ളി ഗ്രാമത്തില്‍ ക്ഷേത്രം പണിതത്. വീരഭദ്ര സ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ നിര്‍മിതിയിലൂടെ സയ്യിദ് മത സൗഹാര്‍ദത്തിന്‍റെ ഒരു വലിയ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.
ചെന്നപട്ടണ താലൂക്കില്‍ നിന്നു തന്നെയുള്ള സയ്യിദ് സാദത്ത് ഐക്യത്തോടെയുള്ള ജീവിതത്തിന് വേണ്ടി അതിശക്തമായി നിലകൊള്ളുന്ന വ്യക്തിയാണ്. സാന്ദേ മോഗനഹള്ളിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് അദ്ദേഹം. ഈ ക്ഷേത്രത്തിനുള്ളിൽ തന്നെ ഒരു പള്ളിയും നിലകൊള്ളുന്നു എന്ന പ്രത്യേകതയും ഇവിടത്തെ മത സൗഹാര്‍ദവും ഐക്യവും വ്യക്തമാക്കുകയാണ്.
2010ലാണ് സയ്യിദ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മാണം ആരംഭിക്കുന്നത്. ദൈവം ഒന്നു തന്നെയാണെന്നും പല പേരില്‍ അത് അറിയപ്പെടുന്നു എന്നുമുള്ള അവബോധം എല്ലാ സമുദായങ്ങള്‍ക്കിടയിലും സൃഷ്‌ടിക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. കൂടാതെ കൊവിഡ് മഹാമാരിയുടെ കാലത്ത് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം എല്ലാവര്‍ക്കും സഹായഹസ്‌തം നീട്ടുന്നു.
പരേതനായ ശ്രീ ശിവകുമാര്‍ സ്വാമിജിയാണ് ഈ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നൽകിയത്. ഹിന്ദു ആചാരങ്ങളോടും ആഘോഷങ്ങളോടുമെല്ലാം വലിയ ബഹുമാനമാണ് സയ്യിദിനുള്ളത്. ജില്ലയില്‍ മത സൗഹാര്‍ദം നിലനിര്‍ത്തുവാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു വരികയാണ് സയ്യിദ് സാദത്ത്.
വീരഭദ്ര സ്വാമി ക്ഷേത്രത്തിന് പുറമേ ചെന്നപട്ടണ താലൂക്കില്‍ തന്നെ മംഗളവരപേട്ടയിൽ ബാസവേശ്വര ക്ഷേത്രവും പണിയുവാനും അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഈ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തോടെ ജീവിക്കുന്നു എന്ന് മാത്രമല്ല ഇരു കൂട്ടരും പരസ്പരം ആഘോഷങ്ങളിലും മതപരമായ ചടങ്ങുകളിലും മറ്റും പങ്കെടുത്തു വരികയും ചെയ്യുന്നുണ്ട്. അവിശ്വാസത്തിന്‍റെയും ശത്രുതയുടേയും ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് മുന്നില്‍ സയ്യിദ് സാദത്തിനെപോലെയുള്ള വ്യക്തികള്‍ വലിയൊരു മാതൃകയാണ്. സമൂഹത്തിനു വേണ്ടി അദ്ദേഹം ചെയ്യുന്ന നിസ്വാർഥമായ സേവനങ്ങള്‍ തീര്‍ത്തും അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്.