ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പ്രധാന ഗേറ്റിലും പരിസരപ്രദേശങ്ങളിലും പോസ്റ്ററുകളും കാവിക്കൊടികളും സ്ഥാപിച്ച് ഹിന്ദുസേന. കാവിയെ അപമാനിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോട് കൂടിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്‍റ് സുർജിത് സിങ് യാദവാണ് 'ഭഗ്വ (കാവി) ജെഎൻയു' എന്നെഴുതിയ പോസ്റ്ററുകൾ പതിച്ചതെന്ന് ഹിന്ദുസേന നേതാവ് വിഷ്‌ണു ഗുപ്‌ത പറഞ്ഞു.
വാട്ട്‌സ്ആപ്പിൽ വിഷ്‌ണു ഗുപ്‌തയുടേതായി പ്രചരിക്കുന്ന വീഡിയോയിലും കാവിയെ അപമാനിക്കുന്നതിനെതിരെ താക്കീത് നൽകുന്നുണ്ട്. 'ജെഎൻയു കാമ്പസിൽ സ്ഥിരമായി കാവിയെ അപമാനിക്കുന്ന പ്രവണത കണ്ടുവരുന്നു. ഇത്തരക്കാർക്ക് ഒരു മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഇനി ആവർത്തിക്കാതിരിക്കുക, ഞങ്ങൾ ഇത് സഹിക്കില്ല.
ഞങ്ങൾ എല്ലാ മതങ്ങളെയും അവയുടെ പ്രത്യയശാസ്‌ത്രത്തെയും ബഹുമാനിക്കുന്നു. എന്നാൽ കാവിയെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല. അതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കും' എന്നായിരുന്നു വീഡിയോയിലൂടെ ഗുപ്‌ത നൽകിയ മുന്നറിയിപ്പ്.
READ MORE: ജെഎന്‍യു ഹോസ്റ്റലില്‍ കുളിമുറിയുടെ സീലിങ് തകര്‍ന്ന് വിദ്യാര്‍ഥിക്ക് പരിക്ക്
ജെഎൻയുവിലെ കൊടികൾ അഴിച്ചുമാറ്റാൻ പൊലീസ് തിടുക്കം കാണിക്കരുതെന്നും ഹിന്ദുസേന അറിയിച്ചു. കാവി ഭീകരതയുടെ പ്രതീകമല്ലെന്നും കാവിയും ഹിന്ദുത്വവും സംരക്ഷിക്കുന്നത് നിയമപ്രകാരമുള്ള അവകാശമാണെന്നും സംഘടന കൂട്ടിച്ചേർത്തു.
രാമനവമി ദിനത്തിൽ (10.04.2022) ജെഎൻയുവിലെ കാവേരി ഹോസ്റ്റലിൽ മാംസഭക്ഷണം വിളമ്പി എന്നാരോപിച്ച് എബിവിപി-ഇടതുസംഘടന വിദ്യാർഥികൾ ഏറ്റുമുട്ടിയതാണ് സംഘർഷങ്ങളുടെ തുടക്കം. ഇരുവിഭാഗങ്ങളിലെയും 60ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു. അതേസമയം രാമനവമി ദിനത്തിൽ ഹോസ്റ്റലിൽ സംഘടിപ്പിച്ച പൂജ പരിപാടികൾ ഇടതുപക്ഷക്കാർ തടസപ്പെടുത്തിയെന്നാണ് എബിവിപിയുടെ ആരോപണം.