ധർമ്മശാല(ഹിമാചൽ പ്രദേശ്): ഭാര്യയുടെ ജന്മദിനത്തില്‍ അപ്രതീക്ഷിത സമ്മാനമായി ഭര്‍ത്താവ് നല്‍കിയത് ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി. കാന്‍ഗ്ര ജില്ലയിലെ ഷാപൂര്‍ നിവാസിയായ ഹരീഷാണ് ഭാര്യ പൂജയ്‌ക്കായി ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയത്. ജൂണ്‍ 23നായിരുന്നു പൂജയുടെ പിറന്നാള്‍.
ഭാര്യയുടെ ജന്മദിനത്തില്‍ വളരെ വ്യത്യസ്‌തമായ സമ്മാനം നല്‍കണമെന്നായിരുന്നു മഹാജന്‍റെ ആഗ്രഹം. കഴിഞ്ഞ വര്‍ഷം ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിനായി മഹാജന്‍ പദ്ധതിയിട്ടിരുന്നു. അതിനായി ന്യൂയോര്‍ക്കിലെ ഇന്‍റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ്‌സ് സൊസൈറ്റിക്ക് അപേക്ഷയും സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് ഒരു വര്‍ഷത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൂമിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സൊസൈറ്റി ഓണ്‍ലൈനായി മഹാജന് അയച്ചു. എന്നാല്‍ സ്ഥലം വാങ്ങിയതിന് എത്ര തുക കൊടുക്കേണ്ടി വന്നുവെന്നത് മഹാജന്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് പ്രണയത്തിന്‍റെ കാര്യമാണെന്നും പണത്തിന്‍റെ കാര്യമല്ലെന്നും മഹാജന്‍ പറഞ്ഞു.
അതേസമയം പിറന്നാള്‍ ദിനത്തില്‍ ഇത്തരമൊരു സമ്മാനം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂജ പറഞ്ഞു. ചന്ദ്രനില്‍ ഭൂമി വാങ്ങിയ ഹിമാചലില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് ഹരീഷ് മഹാജന്‍. നേരത്തെ ഉന ജില്ലയിലെ ഒരു വ്യവസായിയാണ് തന്‍റെ മകന് വേണ്ടി ചന്ദ്രനില്‍ ഭൂമി വാങ്ങിയത്.