ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ 68 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം ഡിസംബര്‍ എട്ടിന് പുറത്തുവരും.
412 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അതിൽ 24 പേർ മാത്രമാണ് സ്ത്രീകൾ. ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇപ്രാവശ്യം ആം ആദ്‌മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്‌പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
ആകെ 55,92,828 വോട്ടര്‍മാരാണ് ഹിമാചലിലുള്ളത്. അതില്‍ 28,54,945 പേര്‍ പുരുഷന്മാരും 27,37,845 പേര്‍ സ്ത്രീകളുമാണ്. വോട്ടെടുപ്പ് സുഗമമായി പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മഞ്ഞുവീഴ്‌ച വര്‍ധിച്ചത് വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
67 കമ്പനി കേന്ദ്രസേനയേയും, 15 കമ്പനി സിആർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 50,000 സര്‍ക്കാര്‍ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 25,000 പൊലീസ് ഉദ്യോഗസ്ഥരും വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്‌ഠിക്കും.
മലയോര മേഖലയിലെ 55 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജയറാം താക്കൂർ, മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിങ്, മുൻ ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സത്തി എന്നിവരുൾപ്പെടെ 412 സ്ഥാനാർഥികളുടെ വിധി നിർണയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഭരണകക്ഷിയായ ബിജെപിയുടെ പ്രചാരണത്തെ മുന്നിൽ നിന്ന് നയിച്ചത്. ബിജെപി ചിഹ്നമായ താമരയ്‌ക്ക് നൽകുന്ന ഓരോ വോട്ടും തന്‍റെ ശക്‌തി വർധിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് വോട്ടർമാരെ നേരിട്ട് കണ്ട് അഭ്യർഥന നടത്തിയാണ് മോദി പ്രചാരണം പൂർത്തിയാക്കിയത്.
പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും തകർച്ച നേരിട്ട കോണ്‍ഗ്രസിന് ഹിമാചലിനെ ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുക എന്നത് നിലനിൽപ്പിന്‍റെ പ്രശ്‌നം കൂടിയാണ്. പുതിയ അധ്യക്ഷൻ എത്തിയ ശേഷം കോണ്‍ഗ്രസ് നേരിടുന്ന ആദ്യ വലിയ തെരഞ്ഞെടുപ്പ് കൂടിയാണിത്.