ഉഡുപ്പി : ഫെബ്രുവരി 28 മുതൽ ആരംഭിക്കുന്ന പ്രായോഗിക പരീക്ഷകൾ മാറ്റി വയ്‌ക്കണമെന്ന ആവശ്യവുമായി ഉഡുപ്പിയിലെ സർക്കാർ വുമൻ പിയു കോളജിലെ ആറ് വിദ്യാർഥിനികൾ. ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ആറ് വിദ്യാർഥിനികളാണ് ഇക്കാര്യമാവശ്യപ്പെട്ട് പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറെ സമീപിച്ചത്.
ഹിജാബ് ധരിച്ചതിന്‍റെ പേരിൽ ക്ലാസ്‌മുറിയിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനാൽ കഴിഞ്ഞ രണ്ട് മാസമായി ക്ലാസുകളിൽ എത്താന്‍ കഴിയുന്നില്ലെന്നും പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും വിദ്യാർഥിനികൾ പറയുന്നു.
Also Read: സ്‌പാ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് ; മൂന്ന് പേര്‍ പിടിയില്‍
ഈ അഭ്യർഥന പിയു ബോർഡിലെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാമെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു. ഹിജാബ് വിവാദത്തിന് രാഷ്‌ട്രീയതലം രൂപപ്പെട്ടശേഷം അജ്ഞാത നമ്പരുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങളും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫോൺ കോളുകളും ലഭിക്കുകയാണെന്ന് ഹർജിക്കാരിൽ ഒരാളായ ആലിയ അസ്സദി പറഞ്ഞു.
കോടതി വിധി വരുന്നതുവരെ ഹിജാബ് ധരിക്കാതെ പ്രായോഗിക പരീക്ഷ എഴുതില്ലെന്നും ഹർജിക്കാരായ വിദ്യാർഥിനികൾ വ്യക്തമാക്കി.