ന്യൂഡൽഹി : ഹിജാബ് വിവാദത്തില്‍ സമത്വത്തിനായി പൊതുവസ്‌ത്രധാരണ രീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സാഹോദര്യവും ദേശീയ ഉദ്ഗ്രഥനവും പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള രീതി. അത് നടപ്പിലാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നല്‍കണമെന്നും പൊതുതാത്‌പര്യ ഹര്‍ജിയില്‍ പറയുന്നു.
ശനിയാഴ്‌ചയാണ് ഇതുസംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയ്‌ക്ക് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടത്. അതേസമയം, ഇന്ത്യ മതേതര രാഷ്ട്രമായതിനാൽ ഒരു മതത്തെയും രാജ്യത്തിന്‍റെ പേരിൽ അടയാളപ്പെടുത്താനാകില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്‌ച ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തരം; വിദേശ പ്രതികരണം വേണ്ട: വിദേശകാര്യ മന്ത്രാലയം
രാജ്യം ബഹുസ്വര സംസ്‌കാരത്തിന്‍റെയും മത, ഭാഷകളുടെയും നാടാണെന്ന് ഇടയ്‌ക്ക് ഓർമിപ്പിക്കേണ്ടിവരുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇടക്കാല ഉത്തരവിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 14-ന് വാദം പുനഃരാരംഭിക്കും.