ബെംഗളൂരു: Hijab Raw : ഹിജാബ് - കാവിഷാള്‍ വിവാദത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളജുകള്‍ തുറന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കാന്‍ തിങ്കളാഴ്‌ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്.
സ്‌കൂള്‍ യൂണിഫോമിന് പുറമേ മതപരമായതൊന്നും അനുവദിക്കില്ലെന്ന് പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍, ഉഡുപ്പിയിലെ പി.യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിക്കാതിരുന്നതിന് പിന്നാലെയാണ് ഹിജാബ് വിവാദം ആരംഭിച്ചത്.
Also Read: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടഞ്ഞ് ജീവനക്കാർ ; കർണാടകയിൽ പലയിടത്തും പരീക്ഷാബഹിഷ്‌കരണം
പിന്നീട് സംസ്ഥാനത്തിന്‍റെ പല ഭാഗത്തേക്കും പ്രശ്‌നം വ്യാപിച്ചു. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാനോ സ്‌കൂളിലേക്ക് കടക്കാനോ അനുവദിക്കാതെ വന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.
കോടതി വിധി വരുന്നത് വരെ സംയമനം പാലിക്കണമെന്ന് ചൊവ്വാഴ്‌ച ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ എം.കുര്‍മ റാവുവിന്‍റെ അധ്യക്ഷതയില്‍ ഉഡുപ്പിയില്‍ ചേര്‍ന്ന സമാധാന യോഗം അഭ്യര്‍ഥിച്ചിരുന്നു. വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍, മതനേതാക്കള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.