ബെംഗളുരു: ക്ലാസ് മുറികളിൽ ഹിജാബ്(ശിരോവസ്ത്രം) ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ വിദഗ്‌ധ സമിതിയെ രൂപീകരിച്ച് കർണാടക സർക്കാർ. സമിതിയുടെ ശിപാർശ വരുന്നതു വരെ എല്ലാ വിദ്യാർഥിനികളോടും യൂണിഫോം നിയമങ്ങൾ പാലിക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
ഉഡുപ്പിയിലെ സർക്കാർ വനിത പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ ആറ് വിദ്യാർഥിനികൾ ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. സ്‌കൂളിലെ യൂണിഫോം നയങ്ങൾക്ക് ഹിജാബ് വിരുദ്ധമാണെന്നും ക്ലാസ് മുറികളിൽ സമത്വം ഉറപ്പുവരുത്തുന്നതിനാണ് ഹിജാബിന് വിലക്കേർപ്പെടുത്തിയതെന്നുമാണ് പ്രിൻസിപ്പൽ രുദ്ര ഗൗഡ പറയുന്നത്.
ജനുവരി 19ന് വിദ്യാർഥികളും രക്ഷിതാക്കളും സർക്കാർ ഉദ്യോഗസ്ഥരും കോളജ് അധികൃതരും ചേർന്ന് നടത്തിയ ചർച്ചയിൽ പ്രശ്‌നം പരിഹരിക്കാനായിരുന്നു തീരുമാനം. യോഗം സമവായത്തിലെത്താതെ അവസാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി കോളജിൽ യൂണിഫോം നിയമങ്ങൾ നിലവിലുണ്ടെന്നും പ്രതിഷേധിച്ച വിദ്യാർഥിനികൾ പെട്ടന്ന് പ്രകോപിതരാകുകയുമായിരുന്നു എന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
ഹിന്ദു മതത്തിൽപ്പെട്ട വിദ്യാർഥിനികൾ കഴിഞ്ഞ ഒരു മാസമായി ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിന് മുസ്ലീം വിദ്യാർഥിനികൾക്കെതിരെ പ്രതിഷേധിക്കുകയാണ്. എബിവിപി തുടങ്ങിയ പാർട്ടികളുടെ പിൻബലത്തോടെയാണ് പ്രതിഷേധം.
Also Read: കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ; ഒരാളെ പിടികൂടി