ബെംഗളൂരു : ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്ന കര്‍ണാടകയില്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജുകള്‍ (ഹയർ സെക്കന്‍ഡറി) ഫെബ്രുവരി 15 വരെ അടച്ചിടും. ഇത് സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 9ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫെബ്രുവരി 14ന് തുറക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്തെ ക്രമ സമാധാനം നിലനിര്‍ത്തുന്നതിനായി മുന്‍കരുതലെന്ന നിലയിലാണ് നടപടി സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിഗ്രി, ഡിപ്ലോമ കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ഫെബ്രുവരി 14 മുതല്‍ 9, 10 ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാർ ഉത്തരവിറക്കിയത്.
Read more: ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തരം; വിദേശ പ്രതികരണം വേണ്ട: വിദേശകാര്യ മന്ത്രാലയം
കഴിഞ്ഞ മാസം ഉഡുപ്പിയിലെ കോളജുകളില്‍ ഹിജാബ് ധരിച്ച വിദ്യാർഥികള്‍ക്ക് പ്രവേശനം വിലക്കിയതാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബ് വിലക്കിയതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാവി ഷാള്‍ ധരിച്ചെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.
ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയത്തില്‍ അന്തിമ ഉത്തരവ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരുമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. തുടര്‍വാദത്തിനായി ഫെബ്രുവരി 14ന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.