ബെംഗളുരു : ഹിജാബ് വിവാദവും അതിനെ തുടർന്ന് വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിച്ചതും തുടർന്നുള്ള സർക്കാർ ഉത്തരവുമൊക്കെ സംസ്ഥാനത്ത് പുകയൊടുങ്ങാതെ നീറുമ്പോൾ എല്ലാ കണ്ണുകളും കർണാടക ഹൈക്കോടതിയിലേക്കാണ്. ചൊവ്വാഴ്‌ചയാണ് ഹൈക്കോടതി വിഷയത്തില്‍ ഹർജി പരിഗണിക്കുന്നത്.
കോളജിൽ ഹിജാബ് ധരിക്കണമെന്നതിൽ ഒരു വിഭാഗം വിദ്യാർഥികൾ ഉറച്ചുനിൽക്കുമ്പോൾ വിദ്യാർഥികൾ യൂണിഫോം നിർബന്ധമായും ധരിക്കണം എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്ത്, പ്രത്യേകിച്ച് തീരദേശ മേഖലയിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നതും എതിർപ്പുയര്‍ത്തി കാവി ഷാൾ ധരിച്ചെത്തിയ ഹിന്ദു വിദ്യാർഥികളെ ക്ലാസിൽ നിന്ന് വിലക്കുന്നതുമുൾപ്പടെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഹിജാബിനെ മത ചിഹ്നമെന്ന് വിശേഷിപ്പിച്ച് യൂണിഫോം നിർബന്ധമായും കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയതോടെ വിവാദത്തിന് രാഷ്‌ട്രീയ മാനം കൈവന്നു. ബിജെപി നിലപാടിനെ എതിർത്ത് പ്രതിപക്ഷമായ കോൺഗ്രസ് മുസ്ലിം വിഭാഗത്തിന് പിന്തുണയുമായെത്തി.
ജനുവരിയിൽ ഉഡുപ്പി ഗവൺമെന്‍റ് പ്രീ യൂണിവേഴ്‌സിറ്റി കോളജിലാണ് വിവാദത്തിന്‍റെ തുടക്കം. ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ ആറ് കുട്ടികളെ വിലക്കിയിരുന്നു. തുടർന്ന് പ്രശ്‌നം നഗരത്തിലെ മറ്റ് ചില കോളജുകളിലേക്കും സമീപത്തെ കുന്താപൂർ, ബൈന്ദൂർ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
മുൻപ് ഹിജാബ് ധരിച്ച് ക്ലാസിൽ വന്നതുപോലെ ഇനിയും അതിന് അനുവദിക്കണമെന്നാണ് മുസ്ലിം വിദ്യാർഥിനികൾ ആവശ്യപ്പെടുന്നത്. എന്നാൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ വന്നാൽ തങ്ങൾ കാവി ഷാൾ ധരിച്ച് ക്ലാസിൽ വരുമെന്ന് ഹിന്ദു വിദ്യാർഥികൾ പറയുന്നു. മുസ്ലിങ്ങൾക്ക് ഒരു നിയമവും ഹിന്ദുക്കൾക്ക് മറ്റൊരു നിയമവും ഉണ്ടാകാൻ പാടില്ല. യൂണിഫോം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നും ഹിന്ദു വിദ്യാർഥികൾ പറയുന്നു.
Also Read: പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കരുത്: കര്‍ണാടക ഹിജാബ് വിവാദത്തില്‍ രാഹുല്‍ ഗാന്ധി
കോളജിലെ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും. എന്നാൽ അതുവരെ സമത്വത്തിനും അഖണ്ഡതയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. 1983ലെ കർണാടക വിദ്യാഭ്യാസ നിയമം 133 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ പെൺമക്കളുടെ ഭാവി കവർന്നെടുക്കുന്നതാണ് കർണാടകയിൽ സംഭവിക്കുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സരസ്വതിയാണ് അറിവ് പ്രധാനം ചെയ്യുന്നതെന്നും സരസ്വതി ആരെയും വേർതിരിച്ച് കാണുന്നില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
ഹിജാബിന്‍റെ പേരിൽ ബിജെപിയും ആർഎസ്എസും സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയാണ് സംഘപരിവാറിന്‍റെ പ്രധാന അജണ്ടയെന്നും കോൺഗ്രസ് നിയമസഭ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആരോപിച്ചു.
എന്നാൽ ഹിജാബ് വിവാദത്തിന് പിന്നിൽ ഹിഡൻ അജണ്ടയുണ്ടെന്നും വിഷയം അന്താരാഷ്‌ട്ര തലത്തിൽ വാർത്തയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ താലിബാന്‍ വത്‌ക്കരിക്കുന്നത് അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും പാർലമെന്‍റ് അംഗവുമായ നളിൻ കുമാർ കട്ടീലും പരാമര്‍ശിച്ചിരുന്നു.