മംഗളൂരു : ക്ലാസ് റൂമില്‍ 'ഹിജാബ്' (ശിരോവസ്ത്രം) ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് ഉഡുപ്പിയിലെ സർക്കാർ വനിത പിയു കോളജിലെ മുസ്ലിം വിദ്യാർഥിനികള്‍. കോളജിലെ ആറ് വിദ്യാര്‍ഥിനികളാണ് സ്‌കൂള്‍ പ്രിൻസിപ്പലിനെതിരെ രംഗത്തെത്തിയത്. ഉറുദു, അറബി, ബ്യാരി ഭാഷകള്‍ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.
ഇതിന്‍റെ ഭാഗമായി പെൺകുട്ടികൾ മൂന്ന് ദിവസമായി ക്ലാസ് മുറിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ രക്ഷിതാക്കൾ പ്രിൻസിപ്പൽ രുദ്ര ഗൗഡയെ സമീപിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തേയും ഹാജർ തങ്ങൾക്ക് നൽകിയിട്ടില്ലെന്നും അതില്‍ കുറവുണ്ടാകുമെന്ന് ആശങ്കയുണ്ടെന്നും വിദ്യാർഥിനികൾ വിശദീകരിച്ചു. അതേസമയം വിദ്യാർഥിനികൾക്ക് സ്‌കൂൾ പരിസരത്ത് ഹിജാബ് ധരിക്കാമെന്നും, എന്നാൽ ക്ലാസ് മുറികളില്‍ അനുവദനീയമല്ലെന്നും കോളജ് പ്രിൻസിപ്പൽ രുദ്ര ഗൗഡ വ്യക്തമാക്കി.
ക്ലാസ് മുറികളിൽ സമത്വം ഉറപ്പുവരുത്തുന്നതിനാണ് ഈ നിയമം പാലിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പിടിഎ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.