ന്യൂഡൽഹി: കൊവിഡ് പ്രതിരോധ മരുന്നിന്‍റെ നിര്‍മാണം, വിതരണം തുടങ്ങിയ സമഗ്ര വിഷയങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദഗ്ദ സംഘത്തിന് രൂപം നല്‍കി. മരുന്ന് വിതരണത്തില്‍ ആര്‍ക്കൊക്കെ മുൻഗണന നല്‍കണം, മരുന്നുകളുടെ സംഭരണം, ഇൻവെന്‍ററി മാനേജ്‌മെന്‍റ്, വാക്സിൻ തെരഞ്ഞെടുക്കൽ, വാക്സിൻ വിതരണം, ട്രാക്കിങ് തുടങ്ങിയ വിഷയങ്ങളില്‍ പുതിയ കമ്മറ്റി ഇടപെടുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ അറിയിച്ചു.
“വിദേശകാര്യ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ്, ആരോഗ്യ ഗവേഷണ വകുപ്പ്, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, അഞ്ച് സംസ്ഥാന സർക്കാരുകളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിനിധികൾ എന്നിവരും സംഘത്തിന്‍റെ ഭാഗമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്ന് വിതരണത്തില്‍ മുൻഗണന നല്‍കുന്നത്. ശേഷം 50 വയസില്‍ കൂടുതലുള്ളവരുടെയും കുറവുള്ളവരുടെയും വ്യത്യസ്ഥ പട്ടിക തയാറാക്കിയായിരിക്കും മരുന്ന് വിതരണം പുരോഗമിക്കുക.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,635 പുതിയ കൊവിഡ് രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13,423 പേര്‍ രോഗമുക്തി നേടി. 94 രോഗികള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ആകെ 1,07,66,245 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍1,54,486 പേരാണ് മരിച്ചത്. 39,50,156 പേർക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകിയത്.