ഹൈദരാബാദ്: വൈഎസ്‌ആര്‍ടിപി നേതാവ് വൈഎസ് ശര്‍മിള തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് പ്രതിഷേധത്തിന് പോകുന്നതിനിടയില്‍ നാടകീയ സംഭവങ്ങള്‍. ഇന്നലെ ടിആര്‍എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്നതെന്നാരോപിച്ച കാറില്‍ പ്രതിഷേധത്തിന് പോകുന്നതിനിടെ ഹൈദരാബാദിലെ പഞ്ചഗുട്ട സ്‌ക്വയറില്‍ വച്ച് വൈഎസ് ശര്‍മിളയേയും അനുയായികളെയും പൊലീസ് തടഞ്ഞു. ഡ്രൈവര്‍ സീറ്റിലായിരുന്ന വൈഎസ് ശര്‍മിള കാറില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് ശര്‍മിള കാറില്‍ ഇരിക്കെ തന്നെ വാഹനം നേരെ എസ് ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. വൈഎസ് ശര്‍മിളയെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അമ്മ വൈഎസ് വിജയമ്മയെ തെലങ്കാന പൊലീസ് വീട്ട് തടങ്കലില്‍ വച്ചു.
ടിആര്‍എസ് പ്രവര്‍ത്തകര്‍ തന്നെയും തന്‍റെ അനുയായികളെയും പദയാത്രക്കിടെ തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ വച്ച് ആക്രമിച്ചു എന്നാരോപിച്ചാണ് ശര്‍മിള തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധത്തിനായി പോയത്. വാറങ്കലിലെ നരസംപേട്ടയില്‍ വച്ച് ടിആര്‍എസ് പ്രവര്‍ത്തകരും വൈഎസ്‌ആര്‍ടി പ്രവര്‍ത്തകരും സംഘര്‍ഷം ഉണ്ടായിരുന്നു.
നരസംപേട്ട എംഎല്‍എ പെഡ്ഡി സുദര്‍ശനെതിരെ ശര്‍മിള നടത്തിയ പരാമര്‍ശത്തില്‍ പ്രകോപിതരായ ടിആര്‍എസ് പ്രവര്‍ത്തകര്‍ ശര്‍മിളയുടെ പദയാത്ര തടയാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. ശര്‍മിളയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ തകര്‍ന്ന വാഹനത്തിലൊന്നിലാണ് തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കാനായി വൈഎസ് ശര്‍മിള എത്തിയത്
ഇന്നലത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പദയാത്ര നിര്‍ത്താന്‍ ശര്‍മിളയോട് ആവശ്യപ്പെടുകയും അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തിരുന്നു. യാത്രയ്‌ക്കെതിരെ ടിആര്‍എസ് പ്രവര്‍ത്തകര്‍ സംഘടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ല എന്നാണ് പൊലീസ് വ്യക്തമാക്കിയത്. അതേസമയം യാത്രയ്‌ക്ക് അനുമതി നിഷേധിച്ചതിനെതിരെ തെലങ്കാന ഹൈക്കോടതിയെ വൈഎസ്ആര്‍ടിപി സമീപിച്ചു. പദയാത്രയ്‌ക്കായി പുതിയ അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തരുതെന്നും കോടതി വൈഎസ് ശര്‍മിളയോട് നിര്‍ദേശിച്ചു.
സഹോദരന്‍ ജഗന്‍ ആന്ധ്രപ്രദേശില്‍ കേന്ദ്രീകരിക്കുമ്പോള്‍ വൈഎസ്ആര്‍ടിപി പാര്‍ട്ടി രൂപീകരിച്ച് തെലങ്കാനയിലെ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയിരിക്കുകയാണ് മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളായ ശര്‍മിള.