ചെന്നൈ: തമിഴ്‌നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. നവംബർ 6 ന് സംസ്ഥാനത്തെ 44 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നതിന് ആര്‍എസ്എസിനെ അനുവദിക്കണമെന്ന് തമിഴ്‌നാട് പൊലീസിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. എൻഐഎ റെയ്‌ഡ്, പോപ്പുലർ ഫ്രണ്ട് നിരോധനം, പെട്രോൾ ബോംബ് ആക്രമണം തുടങ്ങിയ വിഷയങ്ങളിലെ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്തായിരുന്നു ഒക്‌ടോബര്‍ 2ന് നടത്താനിരുന്ന റൂട്ട് മാര്‍ച്ചിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
അന്നേദിവസം തന്നെ നിശ്ചയിച്ചിരുന്ന വിസികെ, സിപിഎം മുതലായ പാര്‍ട്ടികളുടെ ആര്‍എസ്എസിനെതിരായ പ്രതിഷേധങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും നടപടിക്ക് പിന്നാലെ ആര്‍എസ്എസ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. റൂട്ട് മാര്‍ച്ച് നടത്താനിരുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ അനുമതി നിഷേധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താനായില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ജി കെ ഇളന്തിരയൻ ആണ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.
50 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നതിന് അനുമതി തേടിക്കൊണ്ടാണ് ആര്‍എസ്‌എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാനിടയുള്ള 6 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോയമ്പത്തൂർ, മേട്ടുപ്പാളയം, പൊള്ളാച്ചി (കോയമ്പത്തൂർ ഡിടി), തിരുപ്പൂർ ജില്ലയിലെ പല്ലടം, കന്യാകുമാരിയിലെ അരുമനൈ, നാഗർകോവിൽ എന്നിവയാണ് റൂട്ട് മാര്‍ച്ചിന് അനുമതി ലഭിക്കാത്ത കേന്ദ്രങ്ങള്‍.
Also Read: 'റൂട്ട് മാർച്ച് നവംബർ ആറിന് നടത്തൂ'; ആർഎസ്എസിനോട് മദ്രാസ് ഹൈക്കോടതി