ഗുവഹത്തി: വനിതയടക്കം രണ്ട് മയക്കുമരുന്ന് ഇടപാടുകാരെ ഏഴ് കോടി രൂപയുടെ ഹെറോയിനുമായി അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ മയക്കുമരുന്ന് വിൽപ്പനക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഒരുക്കിയ കെണിയിൽ ദിമാപൂർ ആസ്ഥാനമായി വലിയ മയക്കുമരുന്ന് റാക്കറ്റ് നടത്തുന്ന സ്ത്രീയും കൂട്ടാളിയും അറസ്റ്റിലാകുകയായിരുന്നു.
നല്ല നിലവാരമുള്ള ഹെറോയിൻ വാങ്ങാനെന്ന രീതിയിൽ പൊലീസുകാർ യുവതിയെ സമീപിച്ചു. മയക്കുമരുന്ന് നൽകാൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. തുടർന്ന് 2.12 ഗ്രാം ഭാരമുള്ള 164 പാക്കറ്റ് ഉയർന്ന നിലവാരമുള്ള ഹെറോയിൻ സ്ത്രീയുടെ പക്കൽ നിന്നും പിടികൂടുകയായിരുന്നു.
Also Read: നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി
മയക്കുമരുന്ന് വാങ്ങുന്നവർ 'ദീദി' എന്ന് വിളിക്കുന്ന മണിപ്പൂർ സ്വദേശിയായ ഫോനെ എന്ന സ്ത്രീയാണ് അസമിലെ നാഗോൺ, മോറിഗാവ്, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
അസമിലേക്കുള്ള മയക്കുമരുന്ന് വിതരണത്തിന്‍റെ പ്രധാന കണ്ണിയെ പിടികൂടിയ അസം പൊലീസിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിനന്ദിച്ചു.