കച്ച് (ഗുജറാത്ത്): ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. പാകിസ്ഥാൻ ബോട്ടിൽ നിന്ന് 350 കോടി രൂപ വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും കോസ്റ്റ് ഗാർഡും ചേർന്ന് ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
അൽ സകർ എന്ന ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും സംഘം അറസ്റ്റ് ചെയ്‌തു. ബോട്ട് ഗുജറാത്തിലെ ജഖാവു തുറമുഖത്ത് എത്തിച്ച് കൂടുതൽ പരിശോധന നടത്തുകയാണ്.
ഒരു മാസത്തിനിടെ രണ്ടാമതും ഒരു വർഷത്തിനിടെ ആറാമതുമാണ് ഗുജറാത്ത് തീരത്ത് മയക്കുമരുന്ന് പിടികൂടുന്നത്. കഴിഞ്ഞ മാസം 200 കോടി വില വരുന്ന 40 കിലോ ഹെറോയിൻ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും കോസ്റ്റ് ഗാർഡും ചേർന്ന് പാകിസ്ഥാനി ബോട്ടിൽ നിന്നും പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും അറസ്റ്റ് ചെയ്‌തിരുന്നു. ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് ആറ് മൈൽ അകലെ നിന്നാണ് കഴിഞ്ഞ മാസം ബോട്ടിൽ കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടിയത്.