ന്യൂഡല്‍ഹി : രാജ്യത്തെ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹീറോ ഇലക്ട്രിക്ക്. ചാര്‍ജിംഗ് രംഗത്തെ അതികായരായ ഇലക്ട്രിക്ക്പേയുമായി ഹീറോ ഇലക്ട്രിക്ക് കരാറില്‍ ഒപ്പുവച്ചു. രാജ്യത്തെ ചാര്‍ജിംഗ് രംഗം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്.
രാജ്യവ്യാപകമായി റസിഡന്‍സ് അസോസിയേഷനുകള്‍, മാളുകള്‍, ഓഫിസ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളില്‍ തങ്ങളുടെ ചാര്‍ജിംഗ് പോയിന്‍റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതുവഴി രാജ്യത്തെ ഇ.വി വില്‍പ്പന ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ ചാര്‍ജിംഗ് ആശങ്ക പരിഹരിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
രാജ്യത്ത് വലിയ അളവില്‍ ഇവി വില്‍പ്പന സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹീറോ ഇലക്ട്രിക്ക് സിഇഒ സോഹീന്ദര്‍ ഗില്‍ പറഞ്ഞു. ഇരു കമ്പനികളും ചേരുന്നത് ഇ.വി വ്യവസായ രംഗത്തും ഇന്ത്യന്‍ പ്രകൃതിക്കും ഗുണകരമാണെന്ന് ഇലക്ട്രിക്ക് പി കോ ഫൗണ്ടറും സിഇഒയുമായ അവിനാഷ് ശര്‍മ പറഞ്ഞു.