റാഞ്ചി (ജാര്‍ഖണ്ഡ്) : ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഭൂമി അഴിമതിക്കേസില്‍ വിശദീകരണം നല്‍കാന്‍ അവസാന അവസരം നല്‍കിയത്. എന്നാല്‍ തന്നെ ഇത്തരത്തില്‍ വിളിച്ച് വരുത്തുന്നത് നിയമവിരുദ്ധമാണെന്നാണ് സോറന്‍റെ വാദം (Hemanth Soren against ED).
തന്‍റെ വസ്‌തുക്കളെ സംബന്ധിച്ച വിവരങ്ങള്‍ ഇഡിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പറയുന്നു. ആറ് തവണയാണ് ഇതുവരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സോറനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരായിട്ടില്ല (ED issues last opportunity to Soren for explanation).
അതിനിടെ സോറനെ ഇഡി അറസ്റ്റ് ചെയ്തേക്കുമന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതോടെ ചില രാഷ്ട്രീയ മാറ്റങ്ങള്‍ക്കും ജാര്‍ഖണ്ഡ് സാക്ഷ്യം വഹിക്കുമെന്നാണ് സൂചന. അറസ്റ്റിലാകും മുമ്പ് മുഖ്യമന്ത്രിപദം രാജി വയ്ക്കാനാണ് ജെഎംഎം നേതാവ് കൂടിയായ സോറന്‍റെ നീക്കം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഭാര്യ കല്‍പ്പന സോറനെ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കാനും ശ്രമം നടക്കുന്നുണ്ട്. ഏതായാലും സോറന്‍ കുടുംബത്തിന് പുതുവര്‍ഷം അത്ര മധുരതരമാകില്ലെന്നാണ് ജാര്‍ഖണ്ഡില്‍ നിന്ന് ലഭിക്കുന്ന വിവരം (ED's summons illegal).
എന്നാല്‍ തന്നെ ഇത്തരത്തില്‍ വിളിച്ച് വരുത്താന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് സോറന്‍റെ വാദം. തന്നെ മാധ്യമ വിചാരണ നടത്താനാണ് ഇഡിയുടെ ശ്രമമെന്നും സോറന്‍ ആരോപിക്കുന്നു. ഇഡി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും സോറന്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞാഴ്‌ചയാണ് ഇഡി ഏഴാം വട്ടവും സോറന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. 2002ലെ കള്ളപ്പണക്കേസ് വകുപ്പുകള്‍ പ്രകാരമാണ് ഇദ്ദേഹത്തെ മൊഴി എടുക്കാന്‍ വിളിച്ചിരിക്കുന്നത്. ഇത് അവസാനത്തെ നിര്‍ദേശമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഹാജരാകണമെന്നാണ് നിര്‍ദേശം.
അദ്ദേഹത്തിന് സൗകര്യമുള്ള ദിവസവും സ്ഥലവും സമയവും രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കേസില്‍ അജ്ഞാതകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാത്ത സോറന്‍റെ നടപടി കേസിന്‍റെ അന്വേഷണ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. ഡിസംബര്‍ 12നാണ് മുഖ്യമന്ത്രിക്ക് ആറാം വട്ടം ഹാജരാകാന്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ അദ്ദേഹം അവഗണിക്കുകയായിരുന്നു.
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് പകുതിയോടെയാണ് ആദ്യമായി ഹാജരാകാന്‍ സോറനോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് താന്‍ തിരക്കിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോറന്‍ അപ്പോള്‍ ഹാജരാകാതിരുന്നത്. ഓഗസ്റ്റ് 24നും സെപ്റ്റംബര്‍ ഒന്‍പതിനും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ ആകില്ലെന്ന് പറഞ്ഞ് അതും തള്ളി.
സെപ്റ്റംബര്‍ 23ന് നാലാംവട്ടവും ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഹാജരാകാനുള്ള നോട്ടിസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന ഭീഷണി ആയിരുന്നു സോറന്‍റെ മറുപടി. താന്‍ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്നും സോറന്‍ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ വേണമെങ്കില്‍ ഈ രേഖകള്‍ പരിശോധിക്കാനും സോറന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വേണ്ടിയാണ് ഇഡി തനിക്ക് നോട്ടിസ് നല്‍കുന്നത് എന്നാണ് സോറന്‍റെ ആരോപണം