മുംബൈ: നടിയും രാഷ്ട്രീയ നേതാവുമായ ഹേമമാലിനി കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. മഥുരയിൽ നിന്നുള്ള ബിജെപി എംപി കൂടിയായ താരം മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ നിന്നാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
പൊതുജനങ്ങളോടൊപ്പം താൻ കൂപ്പർ ആശുപത്രിയിൽ നിന്നും കൊവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് താരം ട്വിറ്ററിൽ കുറിച്ചു. വാക്സിൻ സെന്‍ററിൽ നിന്നുള്ള മൂന്ന് ചിത്രങ്ങളും താരം പങ്കുവെച്ചു. കുത്തിവയ്പ്പിനായി പോർട്ടലിൽ രജിസ്റ്റർ ചെയ്ത കാര്യം കഴിഞ്ഞ ദിവസം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
2021 ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ഫെബ്രുവരി 2 ന് ഫ്രണ്ട് ലൈൻ വർക്കേഴ്സിന്‍റെ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കും മാർച്ച് ഒന്നിനാണ് കുത്തിവയ്പ്പ് ആരംഭിച്ചത്.