കേദാർനാഥ് : ഉത്തരാഖണ്ഡിലെ കേദാർനാഥില്‍ തീർഥാടകരുമായി പോയ ഹെലികോപ്‌റ്റർ തകർന്നുവീണ് 7 മരണം. ബൻസ്ബാരയിലെ ഗരുഡഛട്ടിയിലാണ് അപകടം നടന്നതെന്ന് രുദ്രപ്രയാഗ് ഡിഐജി അറിയിച്ചു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്നാണ് ദുരന്തമെന്നാണ് പ്രാഥമിക നിഗമനം. ആറ് യാത്രികരും പൈലറ്റുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
ആര്യൻ ഏവിയേഷന്‍റെ ബെൽ-407 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. വലിയ ശബ്ദത്തോടെ തകര്‍ന്ന് തീപിടിക്കുകയായിരുന്നു. സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനകൾ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.