ഹൈദരാബാദ് : വേനല്‍ച്ചൂടില്‍ ആശ്വാസമായി തെലങ്കാനയില്‍ മഴ. ഹൈദരബാദ് നഗരത്തിലും സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിലും ഇടിമന്നലോടുകൂടിയാണ് മഴ ലഭിച്ചത്. എന്നാല്‍ ചില മേഖലകളില്‍ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഇടിമിന്നല്‍ രംഗറെഡ്ഡി ജില്ലയിലെ പലഭാഗങ്ങളിലുമാണ് നാശനഷ്‌ടം വിതച്ചത്. അബ്‌ദുള്ളപര്‍മേട്ടില്‍ വീട് തകര്‍ന്ന് വീണ് ഒരു സ്ത്രീക്ക് പരിക്കേറ്റു. കാറ്റിനെ തുടര്‍ന്ന് പരസ്യ ബോര്‍ഡുകളും നിലം പതിച്ചിട്ടുണ്ട്.
മലക്‌പേട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളില്‍ മരം കടപുഴകി വീണു. ഹൈദരാബാദ് നഗരത്തിന്‍റെ തെക്കന്‍ മേഖലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. നഗരത്തില്‍ കുക്കട്‌പള്ളി, എല്‍ ബി നഗര്‍, കോട്ടി, കൊണ്ടാപുര്‍ എന്നീ സ്ഥലങ്ങളില്‍ നേരിയ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിമാനങ്ങൾ വഴിതിരിച്ചുവിട്ടു : കനത്ത മഴയെ തുടർന്ന് ഷംഷാബാദ് വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി, മുംബൈ, വിശാഖപട്ടണം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള വിമാനം വഴിതിരിച്ചുവിടാനുള്ള നിര്‍ദേശം എയർപോർട്ട് അധികൃതരാണ് നല്‍കിയത്.
ബാംഗ്ലൂരിൽ നിന്നുള്ള വിമാനം നാഗ്‌പൂരിലേക്കാണ് വിട്ടത്. വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വിജയവാഡ വിമാനത്താവളത്തിലേക്കുമാണ് അയച്ചത്.