ന്യൂഡല്‍ഹി: മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശില്‍ ഒന്‍പത് മരണം റിപ്പോര്‍ട്ട് ചെയ്‌തു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുംപെട്ടവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് റോഡ് ഗതാഗതം താറുമാറായി.
ചണ്ഡീഗഡ്-മണാലി ഹൈവേയില്‍ മണ്ണിടിച്ചിലുണ്ടായി. റോഡിലേക്ക് കല്ലും മണ്ണും വീണിരിക്കുന്ന സാഹചര്യത്തില്‍ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നിരവധിപേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ സംസ്ഥാനത്തെ മറ്റ് 301 റോഡുകളും അടച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ മൂന്ന് കോടി രൂപയ്‌ക്ക് മേല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മഴയെ തുടർന്ന് പാണ്ഡോകുല്ലുവിലെ ഖോട്ടിനല്ലയിൽ ഇന്നലെ (ജൂണ്‍ 26) വെള്ളപ്പൊക്കമുണ്ടായിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമായി തുടരുന്നു. ഉത്തരാഖണ്ഡ് (Uttarakhand), രാജസ്ഥാന്‍ (Rajasthan), അസം (Assam) എന്നീ സംസ്ഥാനങ്ങളിലാണ് മഴ ശക്തമായി തുടരുന്നത്. കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. ഞായറാഴ്‌ച (ജൂണ്‍ 25) ആയിരുന്നു സംഭവം. പത്ത് വയസുകാരി ഉള്‍പ്പടെ നാല് പേര്‍ മരിച്ച സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭീതിയില്‍ അസം: അസമിന്‍റെ പല ഭാഗങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. പല ജില്ലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ പ്രളയം ഒന്നരലക്ഷത്തിലധികം ആളുകളെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ബ്രഹ്‌മപുത്ര നദിയിലെ ജലനിരപ്പ് കുറഞ്ഞത് നേരിയ ആശ്വാസമാണ്.
അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ജൂണ്‍ 29 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തരാഖണ്ഡില്‍ മഴ മുന്നറിയിപ്പ്: ഉത്തരാഖണ്ഡില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 29, 39 തീയതികളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമാകും. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ മഴ ജൂണ്‍ 30 വരെ തുടരും. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മോശം കാലാവസ്ഥ തുടരുകയാണ്.
മുംബൈയിലും ശക്തി പ്രാപിച്ച് മണ്‍സൂണ്‍: കഴിഞ്ഞ ദിവസം ശക്തിയായി പെയ്‌ത മഴയില്‍ മുംബൈ നഗരത്തിലും സമീപപ്രദേശങ്ങളിലും വെള്ളം കയറി. ഇത് റോഡ് ഗതാഗതത്തെ ബാധിച്ചിരുന്നു. മഴയില്‍ വ്യാപക നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഇന്നലെ പെയ്‌ത കനത്ത മഴയില്‍ താനെയില്‍ ഒരു കിണര്‍ ഇടിഞ്ഞ് താഴ്‌ന്ന് അതിലേക്ക് ഒരു ഇരുചക്രവാഹനം വീണിരുന്നു. കൂടാതെ, ഒരു ഹോട്ടലിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുംബൈയില്‍ വരുന്ന നാല് ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.