അമരാവതി: മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ശക്തമായ മഴയും കാറ്റും. സംസ്ഥാനത്തിന്‍റെ തീരദേശ ജില്ലകളില്‍ മഴ തുടരുകയാണ്. നെല്ലൂര്‍ ജില്ലയിലെ മുതുകൂര്‍ മണ്ഡലത്തിലെ ബ്രഹ്‌മാണ്ഡത്തിലാണ് ഏറ്റവും കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്‌തത്.
125.75 മില്ലിമീറ്ററാണ് പ്രദേശത്ത് മഴ രേഖപ്പെടുത്തിയത്. നെല്ലൂരില്‍ കനത്ത മഴ തുടരുകയാണ്. മായിപ്പാട് ബീച്ചില്‍ ശക്തമായ തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറിയിട്ടുണ്ട്. സമീപത്തെ കടകളിലും വെള്ളം കയറിയിട്ടുണ്ട്.
അനന്തസാഗരം, ചേസർള, ആത്മകുരു, സംഗമം തുടങ്ങിയ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർക്ക് കലക്‌ടര്‍ മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റിന്‍റെ ആഘാതം രൂക്ഷമായ തീരപ്രദേശങ്ങളിൽ ഷെൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയ്ക്കായി ഒരു എസ്‌ഡിആർഎഫ്, രണ്ട് എൻഡിആർഎഫ് ടീമുകളും രൂപീകരിച്ചിട്ടുണ്ട്.
മുൻകരുതൽ നടപടിയെന്ന നിലയിൽ സോമശില ജലസംഭരണിയിൽ നിന്ന് 20,000 ക്യുസെക്‌സ് വെള്ളം പെണ്ണാനദിയിലേക്ക് ഒഴുക്കിവിട്ടു. കാറ്റിലും മഴയിലും പെട്ട് തിരുമലയിലെത്തിയ ഭക്തര്‍ ദുരിതത്തിലായി. സംസ്ഥാനത്തിന്‍റെ മലയോര മേഖലയില്‍ അതിശൈത്യമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
മാന്‍ഡോസിന്‍റെ ആഘാതത്തില്‍ കടപ്പ ജില്ലയിലും ശക്തമായ മഴ ലഭിച്ചു. പ്രദേശത്തെ കുളങ്ങള്‍, കനാലുകള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ കലക്‌ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ശക്തമായ മഴയില്‍ കൃഷി നഷിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഗുണ്ടൂർ, പ്രകാശം, കർണൂൽ ജില്ലകളിൽ പരുത്തി വിളവെടുപ്പിന് പാകമായ സാഹചര്യത്തിലാണ് മഴയും കാറ്റും.