ന്യൂഡല്‍ഹി: ഒഡീഷയിലും പശ്ചിമ ബംഗാളിലും തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സെപ്‌റ്റംബര്‍ 23 വരെ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും സാധ്യതയുണ്ട്.
കിഴക്കന്‍ രാജസ്ഥാനിലും പടിഞ്ഞാറന്‍ മധ്യപ്രദേശിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരങ്ങളിലും അടിയ്‌ക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. അടുത്ത 4-5 ദിവസങ്ങളിൽ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്‌ച കിഴക്കൻ രാജസ്ഥാനിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗുജറാത്ത് മേഖലയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിൽ സെപ്റ്റംബർ 23 വരെ മഴ തുടരും. ഉത്തരാഖണ്ഡിൽ തിങ്കളാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്.