ബംഗളൂരു: ഇന്നലെ (01.05.22) പെയ്‌ത കനത്ത മഴയില്‍ ബംഗളൂരു നഗരത്തില്‍ വെള്ളക്കെട്ടും ഗതാഗത തടസവും. ഫ്രേസർ ടൗൺ, ശിവാജിനഗർ, ചന്ദ്ര ലേഔട്ട്, വിജയനഗർ, ഹൊസഹള്ളി എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗത തടസ്സത്തിന് കാരണമായി.
മഴയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഒകലിപുരം അണ്ടർപാസിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ചന്ദാപുര ഡിവിഷനിൽ 32 വൈദ്യുത തൂണുകളും കെആർ പുരത്ത് 12 തൂണുകളും കെങ്കേരി ഡിവിഷനിൽ ഒരു ട്രാൻസ്‌ഫോർമറും ബിടിഎം ലേഔട്ടിൽ രണ്ട് വൈദ്യുത തൂണുകളും നശിച്ചതിനെ തുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടു. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേ സമയം തിങ്കളാഴ്‌ചയോടെ ഡൽഹിയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും ഉഷ്‌ണ തരംഗത്തിന് ശമനമുണ്ടാകുമെന്നും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന-ചണ്ഡിഗഡ്-ഡൽഹി, തെക്കൻ ഉത്തർപ്രദേശ്, കച്ച്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളില്‍ ചൂട് കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
also read: വേനല്‍ മഴ വില്ലനായി; കൊയ്‌ത്ത് നടത്താനാകാതെ നിലമക്കരി പാടശേഖരം