ബെംഗളൂരു: ബെംഗളൂരുവിൽ ഇന്നലെ (19.10.2022) പെയ്‌ത കനത്ത മഴയിൽ വെള്ളപ്പൊക്കം. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും മരം വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.
യെല്ലോ അലർട്ട്: താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അടുത്ത മൂന്ന് ദിവസത്തേക്ക് ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനോടകം നഗരത്തിൽ പലയിടത്തും 70 മില്ലിമീറ്റർ മഴ പെയ്‌തു.
കനത്ത മഴയിൽ ശേഷാദ്രിപുരത്ത് മെട്രോ റെയിലിന്‍റെ സംരക്ഷണഭിത്തി തകർന്ന് ഏഴ് കാറുകൾക്കും ഏതാനും ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. മതിൽ ഇടിഞ്ഞു വീഴാൻ കാരണം നിർമാണത്തിലുണ്ടായ പിഴവാണെന്ന് വാഹന ഉടമകൾ ആരോപിച്ചു. അതിനാൽ, വാഹനങ്ങൾക്ക് സംഭവിച്ച കേടുപാടുകളുടെ നഷ്‌ടപരിഹാരം സർക്കാർ വഹിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
എസ്എച്ച്ആർ ഔട്ട്‌ലെറ്റിൽ ഏതാനും അപ്പാർട്ട്മെന്‍റുകളുടെ ബേസ്മെന്‍റിലും വീടുകളിലും വെള്ളം കയറി. ബിലേകഹള്ളി ലേഔട്ട് വെള്ളത്തിനടിയിലായി. കഴിഞ്ഞ മാസവും നഗരത്തിൽ സമാനമായ വെള്ളപ്പൊക്കം ഉണ്ടായിരുന്നു.
Also read: സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; 9 ജില്ലകളിൽ യെല്ലോ അലർട്ട്