ഗുവാഹത്തി : മഹാപ്രളയത്തില്‍ നിന്നും കര കയറാതെ അസം. 31 ജില്ലകളിലായി 6.80 ലക്ഷത്തോളം ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. നാഗോൺ, ഹോജായ്, കച്ചാർ, ദരാംഗ്, മോറിഗാവ്, കരിംഗഞ്ച് ജില്ലകളിൽ നിലവില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ്.
അസം സംസ്ഥാന ദുരന്തനിവാരണ അധികൃതര്‍ നല്‍കുന്ന (Assam State Disaster Management Authority) വിവരങ്ങള്‍ പ്രകാരം നാഗോൺ ജില്ലയിൽ മാത്രം 3.40 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. കച്ചാര്‍: 1.78 ലക്ഷം, ഹോജായ്: 70,233, ദരാംഗ്: 44,382, മോറിഗാവ്: 17,776, കരിംഗഞ്ച്: 16,382 എന്നിങ്ങനെയാണ് വെള്ളപ്പൊക്കം ജില്ലകളില്‍ ബാധിച്ചവരുടെ കണക്ക്.
ALSO READ| അസമില്‍ വെള്ളപ്പൊക്കക്കെടുതി രൂക്ഷം ; അയല്‍ സംസ്ഥാനങ്ങളുമായുള്ള കര ബന്ധം വിച്ഛേദിക്കപ്പെട്ടു
കച്ചാർ, ഹോജായ്, നാഗോൺ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേരാണ് മുങ്ങിമരിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. 93562.40 ഹെക്‌ടർ കൃഷിയിടങ്ങളും 2,248 ഗ്രാമങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് ഔദ്യോഗിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
74,907 പേരാണ് ജില്ല ഭരണകൂടം ആരംഭിച്ച 282 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. നാല് ലക്ഷം മൃഗങ്ങളെയും പ്രളയം ബാധിച്ചു. സൈന്യം, എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തില്‍ ഒറ്റപ്പെട്ടുപോയ 24,749 പേരെയാണ് രക്ഷപ്പെടുത്തിയത്.