ന്യൂഡല്‍ഹി: സാധാരണക്കാരനായി ഡല്‍ഹിയിലെ സഫ്‌ദർജങ് ആശുപത്രിയിലെത്തിയ തന്നെ സുരക്ഷ ജീവനക്കാരന്‍ മര്‍ദിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. യഥാർഥ സാഹചര്യം വിലയിരുത്തുന്നതിനായാണ് ആശുപത്രി സന്ദർശിച്ചത്. ഇതിനിടെ ഗേറ്റില്‍ വച്ച് സുരക്ഷ ജീവനക്കാരന്‍ ഇടിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പുതിയ ഓക്‌സിജൻ പ്ലാന്‍റ് ഉൾപ്പെടെ സഫ്‌ദർജങ് ആശുപത്രിയിലെ നാല് ചികിത്സ സൗകര്യങ്ങളുടെ ഉദ്ഘാടന വേളയിലാണ് അതേ ആശുപത്രിയില്‍ വച്ച് മുന്‍പ് തനിക്കുണ്ടായ അനുഭവം മന്ത്രി വെളിപ്പെടുത്തിയത്.
ആശുപത്രിയിൽ നിരവധി രോഗികൾക്ക് സ്ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതിൽ പ്രയാസം നേരിടുന്നതായി തന്‍റെ ശ്രദ്ധയില്‍പ്പെട്ടെന്ന് മന്ത്രി പറഞ്ഞു. തന്‍റെ മകന് വേണ്ടി ഒരു സ്ട്രെച്ചറിനായി ജീവനക്കാരോട് അപേക്ഷിക്കുന്ന 75 വയസുകാരിയെ കണ്ടു. ജീവനക്കാരന്‍റെ പെരുമാറ്റത്തില്‍ തൃപ്‌തനല്ലെന്ന് പറഞ്ഞ മന്ത്രി ആശുപത്രിയിൽ 1,500 സുരക്ഷ ജീവനക്കാര്‍ ഉണ്ടായിരുന്നിട്ടും ഒരാള്‍ പോലും വയോധികയെ സഹായിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുരക്ഷ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തോയെന്ന ചോദ്യത്തിന് വ്യവസ്ഥിതിയില്‍ മാറ്റം കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നും ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി മറുപടി നല്‍കി. ആശുപത്രിയും മെഡിക്കൽ ജീവനക്കാരും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും ഒരു ടീമായി പ്രവർത്തിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Also read: COVID 19 പ്രതിരോധത്തിന് കേരളത്തിന് കേന്ദ്രസഹായം ; 267.5 കോടി പ്രഖ്യാപിച്ച് മന്‍സുഖ് മാണ്ഡവ്യ