ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന തലയിലെയും കഴുത്തിലെ കാന്‍സറിന് കാരണം പുകയിലയുടെയും മദ്യത്തിന്‍റെയും അമിത ഉപയോഗമെന്ന് ആരോഗ്യ വിദഗ്‌ധര്‍. സാധാരണ എല്ലായിടത്തും വര്‍ധിച്ച് വരുന്ന ഈ രോഗത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 27ന് വേള്‍ഡ് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ (NHC) ദിനം ആചരിക്കുന്നു.
ഗ്ലോബൽ കാൻസർ ഒബ്‌സർവേറ്ററിയുടെ (GLOBOCAN) കണക്കുകള്‍ പ്രകാരം 2020ല്‍ ലോകമെമ്പാടും 19.3 ദശലക്ഷം അര്‍ബുദ രോഗികളാണ് ഉണ്ടായിരുന്നത്. രോഗികളുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ചൈനയും യുഎസുമാണ്. എന്നാല്‍ ഇവയ്‌ക്ക് തൊട്ട് പിന്നാലെ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. എന്നാല്‍ തലയിലും കഴുത്തിലും കാണപ്പെടുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം എന്‍എച്ച്സി ബാധിതരുടെ എണ്ണം അഞ്ച് ലക്ഷമാണ്. ഇതില്‍ 1,25,000 പേര്‍ എച്ച്എന്‍സി ബാധിച്ച് പ്രതിവര്‍ഷം മരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എച്ച്‌എന്‍സി ബാധിക്കുന്ന ശരീര ഭാഗങ്ങള്‍: വായ, നാവ്, ചുണ്ട്, പല്ലിന്‍റെ മോണ, ശ്വാസനാളം, ഉമിനീര്‍ ഗ്രന്ഥി, വോക്കല്‍ കോഡ്, തൈറോയ്‌ഡ് ഗ്രന്ഥി, തലയോട്ടി, തലച്ചോറ്, സൈനസ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറാണ് പൊതുവായി ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറില്‍ ഉള്‍പ്പെടുന്നത്.
ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍: മിക്കപ്പോഴും തൊണ്ട വേദന അനുഭവപ്പെടുക, ഭക്ഷണ പദാര്‍ഥങ്ങള്‍ വിഴുങ്ങാന്‍ പ്രയാസം നേരിടുക, ശബ്‌ദം പരുക്കനായി മാറുക, എപ്പോഴും പനി, ഭാരം കുറയല്‍, വ്രണങ്ങള്‍ ഉണങ്ങാതിരിക്കുക, വിട്ടുമാറാത്ത ചുമ, ചെവി വേദന, കഴുത്തില്‍ കയലകള്‍ രൂപപ്പെടുക തുടങ്ങിയവയെല്ലാം ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണ്.
കാന്‍സര്‍ ഉണ്ടാകുന്നത് ഇങ്ങനെയെല്ലാം: പുകയില ഉപയോഗവും മദ്യപാനവുമാണ് ഈ കാന്‍സറിന് പ്രധാന കാരണങ്ങളിലൊന്ന്. വളരെയധികം കാലം തുടര്‍ച്ചയായുള്ള പുകവലിയും മദ്യപാനവും സെല്ലുലാര്‍ തകരാറുകള്‍ക്കും ജനിതക മാറ്റങ്ങള്‍ക്കും കാരണമാകുമെന്നും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും മെദാന്ത ഗുരുഗ്രാമിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജിസ്റ്റ് ഡോ. ദീപക് സരിൻ പറയുന്നു.
കൂടാതെ നിരന്തരമായി അടയ്‌ക്ക (Supari) ചവയ്‌ക്കുന്നവരിലും ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണെന്ന് ഇത് കാരണം വായയില്‍ വേഗം കാന്‍സര്‍ ഉണ്ടാകാന്‍ കാരണമായേക്കുമെന്നും ഡോ. ദീപക് സരിൻ പറഞ്ഞു. ഹ്യൂമൻ പാപ്പിലോമ വൈറസും (HPV) വായ, തൊണ്ട എന്നിവിടങ്ങളില്‍ കാന്‍സറിന് കാരണമാകുമെന്ന് അടുത്തിടെ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഓറല്‍ സെക്‌സിലൂടെയാണ് ഇത്തരം വൈറസ് ബാധയുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സയിലൂടെ ഭേദമാക്കാവുന്നത്: കാന്‍സര്‍ എന്ന അസുഖം ഇപ്പോള്‍ സാധാരണയായി കണ്ടുവരുന്ന അസുഖമാണ്. പലതരത്തിലാണ് ഈ അസുഖം ബാധിക്കുന്നത്. എത്രയൊക്കെ സാധാരണ അസുഖമാണെന്ന് പറഞ്ഞാലും കാന്‍സര്‍ എന്നത് ഏവരെയും അല്‍പം ആശങ്കയിലാക്കുന്നതാണ്. കൃത്യസമയത്ത് രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണ് കാന്‍സര്‍ എന്ന് ഡല്‍ഹിയിലെ സികെ ബിര്‍ള ഹോസ്‌പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. മന്‍ദീപ് സിങ് മല്‍ഹോത്ര പറയുന്നു.
കാന്‍സറിനെ ചെറുക്കാന്‍: ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ അടക്കമുള്ളവയെ ചെറുക്കുന്നതിന് പുകയില മദ്യപാനം എന്നിവയുടെ ഉപയോഗം കുറയ്‌ക്കുകയും അത്തരം ദുശീലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുക. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി കാമ്പെയ്‌നുകള്‍ നടത്തുക, ആരോഗ്യകരമായ ജീവിത രീതി നയിക്കുക, വീട്ടില്‍ വളര്‍ത്തിയെടുത്ത പച്ചക്കറികളും ഇലക്കറികളും ശീലമാക്കുക, വിഷ രഹിത ഇലക്കറികള്‍ കഴിക്കുന്നതിന്‍റെ തോത് വര്‍ധിപ്പിക്കുക, ദിവസവും വ്യായാമം ശീലമാക്കുക, സമ്മര്‍ദ്ദ രഹിതമായ ജീവിതം നയിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളെ ചിട്ടപ്പെടുത്തിയാല്‍ കാന്‍സര്‍ അടക്കമുള്ള നിരവധി രോഗങ്ങളെ ചെറുക്കാനാകുമെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്.