തെലങ്കാന: ആന്ധ്രപ്രദേശില്‍ നിന്നുള്ള രോഗികളുമായി ഹൈദരാബാദിലേക്ക് വരുന്ന ആംബുലന്‍സുകള്‍ തടയണമെന്ന തെലങ്കാന സർക്കാരിന്‍റെ ഉത്തരവ് സ്റ്റേ ചെയ്‌ത് തെലങ്കാന ഹൈക്കോടതി. ആംബുലൻസുകൾ തടയാൻ സംസ്ഥാനത്തിന് അവകാശമില്ലെന്നും എല്ലാവർക്കും അവരവരുടെ ജീവൻ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ചുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികള്‍ വര്‍ധിച്ചതിനാല്‍ കിടക്കകൾ ലഭ്യമല്ലാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാത്തതെന്നായിരുന്നു തെലങ്കാന സർക്കാരിന്‍റെ വാദം.
ALSO READ:അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളുടെ വരവ് നിയന്ത്രിച്ച് തെലങ്കാന
എന്നാൽ ഇതിനെതിരെ ആന്ധ്രാപ്രദേശ് സർക്കാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അഡ്വക്കേറ്റ് ജനറൽ എസ് ശ്രീറാമാണ് ആന്ധ്രാപ്രദേശ് സർക്കാരിനു വേണ്ടി വാദിച്ചത്. ആന്ധ്രപ്രദേശില്‍ നിന്ന് രോഗികളുമായി വരുന്ന ആംബുലൻസുകൾ അതിർത്തികളിൽ തെലങ്കാന പൊലീസ് തടഞ്ഞിരുന്നു. കൂടാതെ ആശുപത്രികളിൽ മുന്‍കൂട്ടി കിടക്ക ഉറപ്പുവരുത്തിയ രോഗികളെ മാത്രമേ അതിർത്തിയിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്തിവിടുകയുള്ളുവെന്ന് തെലങ്കാന പൊലീസ് അറിയിച്ചിരുന്നു.
നിരവധി ആംബുലൻസുകളാണ് രോഗികളുമായി ആന്ധ്ര- തെലങ്കാന അതിർത്തികളിൽ പുലർച്ചെ മുതൽ കാത്തുകിടക്കുന്നത്. അതേസമയം, അതിര്‍ത്തി പ്രദേശങ്ങളില്‍ വെച്ച് ആംബുലൻസുകൾ തടയുന്നത് സംബന്ധിച്ച് തെലങ്കാന സർക്കാരിൽ നിന്ന് രേഖാമൂലമുള്ള അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് ആന്ധ്രയിലെ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.