ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. സോണിയയേയും രാഹുലിനെയും കൂടാതെ എഐസിസി ജനറൽ സെക്രട്ടറി ഓസ്കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിട്രോഡ, യംഗ് ഇന്ത്യ (വൈ) എന്നിവർക്കും ജസ്റ്റിസ് സുരേഷ് കൈറ്റ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 12നകം കേസിൽ നിലപാട് വ്യക്തമാക്കാനാണ് കോടിതിയുടെ നിർദേശം.
ഹൈക്കോടതി നോട്ടീസ് അയച്ചതിനെ തുടർന്ന് വിചാരണ കോടതി നടപടികൾ ഏപ്രിൽ 12 വരെ സ്റ്റേ ചെയ്തു. ബിജെപി എംപിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സത്യസഭൽ, ഗാന്ധി കുടുംബത്തിനായി ഹാജരായ അഭിഭാഷകൻ താരനം ചീമ എന്നിവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ സ്വത്തുക്കള്‍ യംഗ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച് സോണിയയും രാഹുലും തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്. സോണിയയ്ക്കും രാഹുലിനും പുറമേ എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ, മുന്‍ കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരും കേസില്‍ കുറ്റാരോപിതരാണ്. 1938ല്‍ ജവഹര്‍ലാല്‍ നെഹ്റുവാണ് നാഷ്ണല്‍ ഹെറാള്‍ഡ് തുടങ്ങിയത്.