എറണാകുളം: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി. വധശ്രമക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്‌തില്ല (Kerala HC rejects Mohammed Faizal plea to suspend conviction in attempted murder case). വീണ്ടും അയോഗ്യനാക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന് എം.പി സ്ഥാനം നഷ്‌ടമാകും. എന്നാൽ മുഹമ്മദ് ഫൈസലുൾപ്പെടെ ഒന്നു മുതൽ നാല് വരെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി വീണ്ടും മരവിപ്പിച്ചിട്ടുണ്ട്.
സുപ്രീം കോടതി നിർദേശ പ്രകാരമാണ് ഹർജി രണ്ടാമതും ഹൈക്കോടതി പരിഗണിച്ചു വിധി പറഞ്ഞത്. മുൻപ് പ്രതികളുടെ ശിക്ഷ മരവിപ്പിക്കുകയും മുഹമ്മദ് ഫൈസലിനെ മാത്രം കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതിയുടെ മറ്റൊരു സിംഗിൾ ബഞ്ച് സ്റ്റേയും ചെയ്‌തിരുന്നു. ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്‌തില്ലെങ്കിൽ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും അതു വഴി കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു വിലയിരുത്തിയായിരുന്നു സിംഗിൾ ബഞ്ചിന്‍റെ നടപടി.
എന്നാൽ ലക്ഷദ്വീപ് ഭരണകൂടം നൽകിയ അപ്പീലിൽ ഹൈക്കോടതിക്കു പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും വീണ്ടും ഹർജി പരിഗണിക്കാൻ നിർദേശം നൽകുകയും ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് മുഹമ്മദ് ഫൈസലടക്കം നാല് പ്രതികൾക്ക് വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2009 ൽ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലായിരുന്നു ശിക്ഷ.