ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ സൗജന്യങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതും, പ്രചാരണത്തിനിടെ പണം കൈമാറുന്നതും അഴിമതിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇലക്ഷൻ കമ്മിഷന് നോട്ടിസ് അയച്ച് ഡല്‍ഹി ഹൈക്കോടതി.
ജസ്റ്റിസുമാരായ ഡി.എൻ പട്ടേൽ, ജ്യോതി സിങ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് പുറമെ, കേന്ദ്ര സര്‍ക്കാരിന്‍റെയും രാഷ്‌ട്രീയ പാര്‍ട്ടികളായ കോൺഗ്രസ് തെലുങ്ക് ദേശം എന്നിവയുടെ പ്രതികരണവും കോടതി തേടി. കേസ് സെപ്റ്റംബർ 24 ന് വീണ്ടും പരിഗണിക്കും.
ALSO READ: അസംതൃപ്‌തരുടെ പടപ്പുറപ്പാടില്‍ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് ; ഒരു എംഎല്‍എ യുഡിഎഫ് വിടുമെന്ന് അഭ്യൂഹം
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന തെറ്റായ വാഗ്‌ദാനങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ബഞ്ച് ഇലക്ഷന്‍ കമ്മിഷനോട് ചോദിച്ചു. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളും കമ്മിഷന്‍റെ മാനദണ്ഡങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും, കര്‍ശനമായി ഇടപെടാത്തത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു.
സൗജന്യങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതും പണം നല്‍കുന്നതും 1951 ലെ ജനപ്രാതിനിധ്യ നിയമം 123 - 19 ലെ സെക്ഷൻ 123 പ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരായ പരാശർ നാരായൺ ശർമ, ക്യാപ്റ്റൻ ഗുർവീന്ദർ സിങ്, അഡ്വക്കേറ്റ് അമർദീപ് മൈനി എന്നിവര്‍ ആവശ്യപ്പെടുന്നത്.