ചണ്ഡിഗഡ്: വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി വഞ്ചിച്ചതായി ആരോപിച്ച് യുകെ രാജകുടുംബാംഗം ഹാരി രാജകുമാരനെതിരെ യുവതി സമർപ്പിച്ച ഹർജി പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളി. ഹാരി രാജകുമാരനെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാൽ ഹർജി യുവതിയുടെ പകൽ സ്വപ്നമാണെന്ന് കോടതി നിരീക്ഷിച്ചു.
ഹര്‍ജി ശരിവെയ്ക്കുന്നതിനായി ഹാരി രാജകുമാരനുമായി നടത്തിയ സംഭാഷണങ്ങൾ തെളിവായി യുവതി ഹാജരാക്കി. യുവതിയെ എത്രയും വേഗം വിവാഹം ചെയ്യാമെന്നാണ് ഇ-മെയിൽ സന്ദേശത്തിൽ പറയുന്നത്.
അതേസമയം, ഒരു തവണയെങ്കിലും യുകെ സന്ദർശിച്ചിട്ടുണ്ടോ എന്ന കോടതിയുടെ വാദത്തിന് ഇല്ല എന്ന മറുപടിയാണ് പരാതിക്കാരി നൽകിയത്. സോഷ്യൽ മീഡിയ വഴി ആയിരുന്നു രാജകുമാരനുമായി സംസാരിച്ചിരുന്നതെന്നും താനും ഹാരിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് അയാളുടെ പിതാവായ ചാൾസ് രാജകുമാരന് സന്ദേശം അയച്ചിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ വ്യാജ ഐ.ഡികള്‍ വ്യാപകമായി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരം ഐ.ഡികളിലൂടെയുള്ള സംഭാഷണത്തിന്‍റെ ആധികാരികത കോടതി വഴി നിശ്ചയിക്കാന്‍ സാധ്യമല്ല. പ്രിന്‍സ് ഹാരിയെന്ന് അവകാശപ്പെടുന്നയാള്‍ പഞ്ചാബിലെ തന്നെ ഏതെങ്കിലും ഗ്രാമത്തില്‍ ഒരു സൈബര്‍ കഫെയിലിരുന്നാകാം മെയിലയച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.