ന്യൂഡൽഹി: ഓൺലൈൻ പോർട്ടലായ ന്യൂസ്ക്ലിക്കിനും എഡിറ്റർ ഇൻ ചീഫിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) നിർദേശം നൽകി. എൻഫോഴ്‌സ്‌മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിന്‍റെ (ഇസിഐആർ) പകർപ്പ് ആവശ്യപ്പെട്ട് പോർട്ടലിന്‍റെ അപേക്ഷയിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. ജൂലൈ അഞ്ച് വരെ ന്യൂസ്‌ക്ലിക്കിനും അതിന്‍റെ സ്ഥാപകനും മുഖ്യ പത്രാധിപരുമായ പ്രബീർ പുർക്കായസ്ഥയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ALSO READ: എച്ച്.ഡി ദേവഗൗഡയ്‌ക്കെതിരെയുള്ള മാനനഷ്‌ടക്കേസ്;രണ്ട് കോടി രൂപ നൽകാൻ ഉത്തരവ്
വിദേശത്ത് നിന്ന് കമ്പനിയ്‌ക്ക് നേരിട്ട് ധനസഹായം ലഭിച്ചെന്ന് കാണിച്ച് ഡൽഹി പൊലീസ് സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കാനും കമ്പനി ആവശ്യപ്പെട്ടു. 2018-19 സാമ്പത്തിക വർഷത്തിൽ എൽഎൽസി യുഎസ്‌എയിൽ നിന്നുമുള്ള കമ്പനികളിൽ നിന്ന് 9.59 കോടി രൂപയുടെ വിദേശ നിക്ഷേപം പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോക്ക് ലഭിച്ചുവെന്നാണ് എഫ്‌ഐആറിലെ ആരോപണങ്ങൾ.
ഈ നിക്ഷേപത്തിന്‍റെ 45 ശതമാനത്തിലധികം ശമ്പളം / കൺസൾട്ടൻസി, വാടക, മറ്റ് ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിച്ചെന്നും ആരോപിച്ചു. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ ഡൽഹി പൊലീസ് അഭിഭാഷകൻ അവി സിങ്ങിന് കോടതി സമയം അനുവദിച്ചു. കേസ് പരിഗണിക്കുന്നത് ജൂലൈ 29ലേക്ക് മാറ്റി.