ഹൈദരാബാദ്: മദ്യവിൽപ്പനശാലകൾ, ഹോട്ടലുകകൾ, വിവാഹ ഹാളുകൾ, സിനിമാശാലകൾ എന്നിവയിലെ തിരക്ക് കുറയ്ക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ തെലങ്കാന ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. കൊവിഡുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ ഒരുമിച്ച് കേട്ട ചീഫ് ജസ്റ്റിസ് ഹിമാ കോഹ്‌ലി, ജസ്റ്റിസ് ബി വിജയൻ റെഡ്ഡി എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് ഉത്തരവ്.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാരാന്ത്യങ്ങളിൽ പറ്റാവുന്നത്ര നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്‍റെ മാർഗ നിർദേശങ്ങളുണ്ടെങ്കിലും സാഹചര്യം മനസിലാക്കി സംസ്ഥാന സർക്കാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ബഞ്ച് ആവശ്യപ്പെട്ടു. കേന്ദ്ര മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നിര്‍ദേശം.
കൂടുതല്‍ വായനയ്ക്ക്: പതിനെട്ട് കഴിഞ്ഞവര്‍ക്കും വാക്സിന്‍ ; മൂന്നാംഘട്ട വിതരണം മെയ് ഒന്ന് മുതല്‍
കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ വാരാന്ത്യങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.വിഷയം ഏപ്രില്‍ 23ന് വീണ്ടും പരിഗണിക്കുമെന്നും അന്നേദിവസം കോടതി ഉത്തരവിൻമേലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെലങ്കാനയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഓക്സിജന്‍, കിടക്കകള്‍ എന്നിവയുടെ ലഭ്യതയില്‍ സുതാര്യതയില്ലെന്നുള്ള അപേക്ഷയും കോടതി പരിഗണിച്ചു.