മുംബൈ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) പൂർണ വിശ്വാസമുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ബാലറ്റ് പേപ്പറുകൾ വോട്ടെടുപ്പിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ, കോൺഗ്രസും എൻസിപിയും ഉൾപ്പടെ നിരവധി ബിജെപി ഇതര പാർട്ടികൾ ഇവിഎമ്മുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവെക്കുന്നതിനുമുമ്പ്, ഇപ്പോൾ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായ നാനാ പട്ടോലെ പ്രാദേശിക ഭരണസമിതികളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇവിഎമ്മുകൾക്ക് പുറമെ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ വോട്ടർമാർക്ക് അവസരം നൽകുന്നതിന് നിയമം രൂപീകരിക്കാൻ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. 2017ല്‍ പഞ്ചാബിലും 2018 ല്‍ രാജസ്ഥാനിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ ഉപയോഗിച്ചിട്ടും കോണ്‍ഗ്രസ് വിജയിച്ചിരുന്നതായും മുതിർന്ന എൻസിപി നേതാവ് അഭിപ്രായപ്പെട്ടു. ജയിച്ചാല്‍ ഇവിഎമ്മുകള്‍ നല്ലത്, പരാജയപ്പെട്ടാല്‍ മറിച്ചും. തന്നെ സംബന്ധിച്ച് കടലാസ് രഹിത തെരഞ്ഞെടുപ്പ് മികച്ചതാണെന്നും അജിത് പവാര്‍ അഭിപ്രായപ്പെട്ടു.