റോഹ്തക് (ഹരിയാന) : നാല് മണിക്കൂർ നീണ്ട സങ്കീർണ്ണവും അപകടകരവുമായ ശസ്‌ത്രക്രിയക്കൊടുവിൽ മധ്യവയസ്‌കന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ സൂചി പുറത്തെടുത്ത് റോഹ്തകിലെ പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (പിജിഐഎംഎസ്) ഡോക്‌ടർമാർ. നഗരത്തിലെ ബാരാ ബസാർ പ്രദേശത്തെ 55 കാരനെയാണ് സങ്കീർണമായ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്.
പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ പവന്‍റെ നേതൃത്വത്തിലുള്ള ഡോക്‌ടർമാരുടെ സംഘമാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. ഇടത് ശ്വാസകോശത്തിന്‍റെ നാലാമത്തെ ലോബിൽ (fourth lobe of the left lung) സൂചി കുടുങ്ങിയതിനാലാണ് സങ്കീർണമായ ശസ്‌ത്രക്രിയ വേണ്ടിവന്നത്. ഇയാളിൽ ആദ്യം നടത്തിയ എക്‌സ്‌റേയിൽ സൂചി കണ്ടെത്താനായില്ല.
തുടർന്ന് സിടി സ്‌കാൻ എടുത്തെങ്കിലും സൂചിയുടെ സ്ഥാനം കണ്ടെത്താനായില്ല. ശേഷം രണ്ടാമത്തെ സിടി സ്‌കാനിലാണ് ഇയാളുടെ ഇടത് ശ്വാസകോശത്തിന്‍റെ നാലാമത്തെ ലോബിൽ സൂചി ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയുമായിരുന്നു.
സൂചി കുടുങ്ങിയത് ദന്ത പരിശോധനയ്‌ക്കിടെ : സ്വകാര്യ ആശുപത്രിയിൽ നടത്തിയ ദന്ത പരിശോധനയ്‌ക്കിടെയാണ് 2 ഇഞ്ച് നീളമുള്ള സൂചി ഇയാളുടെ വായിലൂടെ ശ്വാസകോശത്തിലേക്ക് പോയത്. തുടർന്ന് അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് റോഹ്‌തക്കിലെ പിജിഐഎംഎസിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുകയായിരുന്നു.
ALSO READ : 37 ദിവസം വെന്‍റിലേറ്ററിൽ, ഒടുവിൽ പുതുജീവൻ; 14 കാരന്‍റെ ശ്വാസകോശ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയം
സംഭവത്തെക്കുറിച്ച് ഡോക്‌ടർ പവൻ പറയുന്നതിങ്ങനെ : 'രോഗിയുടെ എക്‌സ്‌റേ എടുത്തപ്പോൾ സൂചി കാണാനില്ലായിരുന്നു. തുടർന്ന് സിടി സ്‌കാൻ നടത്തിയെങ്കിലും സൂചി കണ്ടെത്താനായില്ല. രണ്ടാമത്തെ സിടി സ്‌കാനിലാണ് സൂചി കൃത്യമായി ഇടത് ശ്വാസകോശത്തിലാണെന്ന് കണ്ടെത്തിയത്. വലിയ ബ്രോങ്കോസ്കോപ്പ് (Bronchoscope) സൂചി പതിഞ്ഞ സ്ഥലത്ത് എത്തിയിരുന്നില്ല.
പിന്നാലെ ചെറിയ ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ചെങ്കിലും അതിലൂടെ സൂചി പുറത്തെടുക്കാൻ സാധിച്ചില്ല. തുടർന്ന് ശസ്‌ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്ത്. രോഗിയുടെ ശ്വാസനാളത്തിൽ സൂചി പോയിരുന്നെങ്കിൽ അത് വലിയ അപകടം ഉണ്ടാക്കുമായിരുന്നു എന്നും ഡോക്‌ടർ പവൻ പറഞ്ഞു.
ഡോക്‌ടർ പവന്‍റെ നേതൃത്വത്തിൽ സഹ ഡോക്‌ടർ അമൻ, ടെക്‌നീഷ്യൻ അശോക്, സുമൻ, സുനിൽ, ഭാവന എന്നിവരാണ് ശസ്‌ത്രക്രിയയുടെ ഭാഗമായത്. അതേസമയം ഇയാൾ പൂർണമായും സുഖം പ്രാപിച്ചതായും ഉടൻ തന്നെ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.