പാനിപ്പത്ത്: ഹരിയാനയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രി വാർഡിനുള്ളിൽ കയറിയ നായ, കുഞ്ഞിന്‍റെ അമ്മയും ബന്ധുക്കളും ഉറങ്ങിക്കിടക്കുകയായിരുന്ന സമയത്ത് കുഞ്ഞിനെ പുറത്തേക്ക് എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ്-ഷബ്‌നം ദമ്പതികളുടെ നവജാത ശിശുവിനെയാണ് തെരുവ് നായ കടിച്ചുകീറിയത്.
പുലർച്ചെ 2.07ന് പാനിപ്പത്തിലെ അൻസൽ സുശാന്ത് സിറ്റിക്ക് സമീപം ഹാർട്ട് ആൻഡ് മദർ കെയർ ആശുപത്രിയിലായിരുന്നു സംഭവം. നായ വാർഡിലേക്ക് നുഴഞ്ഞുകയറുന്നതും കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഓടുന്നതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആശുപത്രിയുടെ ഒന്നാം നിലയിലെ ജനറൽ വാർഡിൽ നിന്ന് നായ കുഞ്ഞിനെ പുറത്തേക്ക് എടുത്തുകൊണ്ടുപോകുകയായിരുന്നു.
2.15ഓടെ കുഞ്ഞിന്‍റെ അമ്മ ഉണർന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം മനസിലാക്കുന്നത്. തുടർന്ന് ആശുപത്രി പരിസരത്ത് നടത്തിയ പരിശോധനയിൽ ചോരക്കുഞ്ഞിനെ തെരുവ് നായ കടിച്ചുകീറുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. നായയെ തുരത്തിയ ശേഷം കുഞ്ഞിനെ ഉടൻ തന്നെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.
ജൂൺ 25നാണ് പ്രസവത്തിനായി ഷബ്‌നത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം തന്നെ രാത്രി 8.15ഓടെ കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.