കൈതാൽ : ഹരിയാന ദുരഭിമാനക്കൊല കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌ത് പൊലീസ് (Haryana Honor Killing Case). ദുരഭിമാനത്തിന്‍റെ പേരിൽ മകളെ കൊലപ്പെടുത്തിയ ഹരിയാന കൈതാൽ ജില്ലയിലെ സുരേഷ് കുമാറും ഭാര്യ ബാല ദേവിയുമാണ് അറസ്റ്റിലായത് (Police arrest slain girl's parents in Kaithal). സെപ്റ്റംബർ 14 ന് കലയാട്ടിലെ ബാലു ഗ്രാമത്തിൽ വച്ചാണ് യുവതി കൊല്ലപ്പെട്ടത്.
റിമാൻഡ് ചെയ്യുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സുരേഷ് കുമാറും ഭാര്യ ബാല ദേവിയും മകളെ കൊലപ്പെടുത്തുകയായിരുന്നു. മകൾക്ക് ഹിസാർ ജില്ലയിൽ നിന്നുള്ള, ഇതര ജാതിയിൽപ്പെട്ട രോഹിത് എന്ന യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മാതാപിതാക്കൾ ക്രൂരകൃത്യത്തിന് മുതിർന്നത്.
ഹിസാറിലെ ഖേഡി ചൗപത ഗ്രാമവാസിയായ രോഹിതുമായി യുവതി പ്രണയത്തിലായിരുന്നു. തുടർന്ന് സെപ്റ്റംബർ 14 ന് ഇവരുടെ നിർദേശ പ്രകാരം രോഹിത് ഗ്രാമത്തിൽ എത്തിയതായാണ് വിവരം. ഉച്ചയോടെ യുവതിയുടെ ഗ്രാമത്തിൽ എത്തിയ രോഹിതിനൊപ്പം പോകാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും വീട്ടുകാർ രോഹിതിനെ മർദിക്കുകയായിരുന്നു.
പിന്നാലെ യുവാവിനെ കാണാതായി. തുടർന്ന് വെള്ളിയാഴ്‌ച രോഹിതിന്‍റെ അമ്മ ഡിംപിൾ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്‌തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നതെന്ന് ഡിഎസ്‌പി കലയത്ത് സജ്ജൻ സിങ് അറിയിച്ചു.
അതേസമയം വൈദ്യുതാഘാതം ഏൽപ്പിച്ചല്ല, മറിച്ച് കഴുത്ത് ഞെരിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്ന് പ്രതികളായ മാതാപിതാക്കൾ പൊലീസിനോട് സമ്മതിച്ചു. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ഇരുവരും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മകളുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ഡിഎസ്‌പി സജ്ജൻ സിങ്ങും സിഐഎ സംഘവും ഗ്രാമത്തിൽ നേരത്തെ ക്യാമ്പ് ചെയ്‌തിരുന്നു. ബന്ധുക്കളെ പൊലീസ് സംഘം ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.
മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ ദുരഭിമാനക്കൊല കേസുകളുടെ ഭയാനകമായ ഓർമകളും ഈ കേസന്വേഷണം ദ്രുരഗതിയിലാകാൻ കാരണമായി. 2007ൽ കൈതാളിലെ തന്നെ കരോറ ഗ്രാമത്തിൽ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച കരോറ ഗ്രാമത്തിലെ കമിതാക്കളാണ് കൊല്ലപ്പെട്ടത്.
വിവാഹത്തിന് ശേഷം വീട്ടുകാരുടെ വധഭീഷണിയെ തുടർന്ന് ദമ്പതികൾ ഹൈക്കോടതിയിൽ നിന്ന് സംരക്ഷണം തേടിയിരുന്നു. എന്നാൽ ജൂൺ 15ന് ദമ്പതികളെ ബൂട്ടാനയ്ക്ക് സമീപത്ത് വച്ച് ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി. പിന്നീട് പത്ത് ദിവസത്തിന് ശേഷം നർനൗണ്ടിനടുത്തുള്ള ഒരു കനാലിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ കർണാൽ കോടതി അഞ്ച് കുടുംബാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചിരുന്നു.
READ ALSO: Gurugram woman 22കാരിയെ കൊലപ്പെടുത്തി മാതാപിതാക്കളും സഹോദരനും; ദുരഭിമാനക്കൊലയെന്ന് സംശയം